ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്താം പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഒന്നരക്കോടിയില്‍ അധികം രൂപ ശബരിമലക്ക് നല്‍കിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്രയും തുക സംഭാവന നല്‍കില്ലായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് 400 ഗ്രാമില്‍ അധികം സ്വര്‍ണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വര്‍ണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡിഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലക്ക് സംഭാവന നല്‍കി
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പത്താം പ്രതിയാണ് ഗോവര്‍ദ്ധന്‍. തനിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ 2019 ന് മുന്‍പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നല്‍കിയിട്ടുണ്ടെന്ന് ആണ് ഗോവര്‍ദ്ധന്‍ ഹര്‍ജിയില്‍ പറയുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് 400 ഗ്രാമില്‍ അധികം സ്വര്‍ണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വര്‍ണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡിഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലക്ക് സംഭാവന നല്‍കി. ആകെ ഒന്നരക്കോടിയില്‍ അധികം രൂപ ശബരിമലക്ക് നല്‍കിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്രയും തുക സംഭാവന നല്‍കില്ലായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ബെല്ലാരിയിലെ തന്റെ സ്വര്‍ണക്കടയില്‍ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണക്കട്ടികള്‍ കസ്റ്റഡിയിലെടുത്ത് എന്നും ഈ സ്വര്‍ണത്തിന് ശബരിമല സ്വര്‍ണ്ണവുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ശബരിമലയിലെ സ്വര്‍ണമാണെന്ന് അറിഞ്ഞു കൊണ്ടാണ് ഗോവര്‍ദ്ധന്‍ സ്വര്‍ണ്ണം കൈക്കലാക്കിയതെന്നും ഈ സ്വര്‍ണമാര്‍ക്ക് മറച്ചു വിറ്റു എന്നത് അന്വേഷിക്കുകയാണെന്നും ആണ് എസ്‌ഐടിയുടെ നിലപാട്.