ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൊള്ളയടിക്കപ്പെട്ട സ്വര്‍ണം തിരിച്ചുകിട്ടില്ലെന്ന് നിഗമനം ; തൊണ്ടിമുതല്‍ ലഭിക്കാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം

 

തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നതാകും കുറ്റപത്രം.

 

തൊണ്ടിമുതലിനായി കാത്തിരുന്നാല്‍ തിരിച്ചടിയാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

 ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൊള്ളയടിക്കപ്പെട്ട സ്വര്‍ണം തിരിച്ചുകിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. തൊണ്ടിമുതല്‍ ലഭിക്കാതെ തന്നെ എസ്ഐടി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. തൊണ്ടിമുതലിനായി കാത്തിരുന്നാല്‍ തിരിച്ചടിയാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നതാകും കുറ്റപത്രം.

എത്ര സ്വര്‍ണം നഷ്ടപ്പെട്ടു എന്നറിഞ്ഞാല്‍ മാത്രമേ വീണ്ടെടുക്കേണ്ട സ്വര്‍ണം എത്രയെന്നതില്‍ അന്വേഷണ സംഘത്തിന് വ്യക്തതവരികയുള്ളൂ. ദ്വാരപാലക പാളികളില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും ഏകദേശം ഒന്നര കിലോയോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത് എന്ന നിഗമനത്തിലായിരുന്നു എസ്‌ഐടി. എന്നാല്‍ എത്ര സ്വര്‍ണമാണ് നഷ്ടപ്പെട്ടത് എന്ന് എസ്‌ഐടിക്ക് ശാസ്ത്രീയമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നഷ്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി പ്രതികള്‍ സ്വര്‍ണം നല്‍കി എന്ന് എസ്‌ഐടി പിന്നീട് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വര്‍ണമല്ല എന്നതാണ് പ്രശ്‌നം. തൊണ്ടിമുതല്‍ എവിടെയെന്നതില്‍ പ്രതികളാരും കൃത്യമായ സൂചന നല്‍കുന്നില്ല. അതിനാല്‍ ഇനിയും കാത്തിരിക്കേണ്ടതില്ല എന്നും തൊണ്ടിമുതല്‍ ഇല്ലാതെത്തന്നെ കുറ്റപത്രം സമര്‍പ്പിക്കാം എന്ന നിഗമനത്തിലുമാണ് എസ്‌ഐടി.