ശബരിമല സ്വർണപ്പാളി വിവാദം; എസ്ഐടിയുടെ പരിശോധന പൂർത്തിയായി
ശബരിമലയിലെ സ്വർണപാളികൾ ഇളക്കി മാറ്റിയ സംഭവത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന പൂർത്തിയായി. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം ശബരിമലയിലെത്തിയത്. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും പരിശോധിച്ച സംഘം, ശാസ്ത്രീയ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകളും ശേഖരിച്ചു. ഇളക്കി മാറ്റിയ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ച ശേഷമായിരിക്കും സംഘം മടങ്ങുക.
അതേസമയം, കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും ബോർഡ് അംഗമായിരുന്ന അജികുമാറിനും എസ്ഐടി നോട്ടീസ് അയച്ചു. ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. അടുത്തയാഴ്ച ഇവർ ചോദ്യം ചെയ്യലിന് ഹാജരാകണം. 2025-ലെ ഇടപാടുകൾ കൂടി അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. മിഥുനമാസ പൂജകൾക്കായി നടതുറന്നിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നത്.