ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം : മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് കരുതാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യസ്ഥ കാരണങ്ങളുണ്ട്, ശബരിമലയും ഒരു കാരണമായേക്കാം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പ്രതീക്ഷിച്ച ഫലമുണ്ടായില്ല.
കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് ബി.ജെ.പിയും കോൺഗ്രസുൻവലിയ പ്രചാരണം നടത്തി. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നില്ല. സർക്കാർ നടപടിയെ പൊതുസമൂഹം നല്ലരീതിയിലാണ് വിലയിരുത്തിയത്. ശബരിമല വിഷയം ഏറ്റവുമധികം ബാധിക്കേണ്ടത് പത്തനംതിട്ടയിലായിരുന്നു. അവിടെ ബി.ജെ.പി ഭരിച്ചിരുന്ന പന്തളം നഗരസഭയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തി. ബി.ജെ.പിയെ ഫലപ്രദമായി നേരിടുന്നത് എൽ.ഡി.എഫാണെന്ന് തെരഞ്ഞെടുപ്പ് ഫലം കാണിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ ഇടതുപക്ഷത്തെ തോൽപിക്കാൻ യു.ഡി.എഫും ബി.ജെ.പിയും നീക്കുപോക്കുണ്ടാക്കി. തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തിയത് വർഗീയ രാഷ്ട്രീയമാണ്. അതിനെ പ്രതിരോധിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. കോർപറേഷിൽ കൂടുതൽ വോട്ട് നേടിയത് എൽ.ഡി.എഫാണ്. 12 സീറ്റിൽ 60ൽ താഴെ വോട്ടിനായിരുന്നു പരാജയം. ബി.ജെ.പി ജയിച്ച 26 വാർഡിൽ യു.ഡി.എഫിന് ആയിരത്തിൽ താഴെ വോട്ടാണ്.
യു.ഡി.എഫ് ജയിച്ച 11 ഇടത്ത് ബി.ജെ.പിക്കും ആയിരത്തിൽ താഴെ വോട്ടാണ്. ഫലം വന്നതിനെത്തുടർന്ന് എം.എം. മണി നടത്തിയ പരാമർശം അദ്ദേഹം തിരുത്തിയിട്ടുണ്ട്. സർക്കാർ ക്ഷേമപ്രവർത്തനം നടത്തുന്നത് വോട്ടിന് വേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.