ശബരിമലയില്‍ ദര്‍ശനം ഇന്ന് അവസാനിക്കും; പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിടുക വൈകീട്ട് അഞ്ചുവരെ മാത്രം

ശബരിമലയില്‍ ഭക്തര്‍ക്കുള്ള ദര്‍ശനം ഇന്ന് രാത്രി 10 ന് അവസാനിക്കും. വൈകീട്ട് അഞ്ചു വരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിടും.രാവിലെ കുറഞ്ഞ ദ്രവ്യങ്ങളാലാണ് അഭിഷേകം.

 

രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്കുള്ള ദര്‍ശനം ഇന്ന് രാത്രി 10 ന് അവസാനിക്കും. വൈകീട്ട് അഞ്ചു വരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിടും.രാവിലെ കുറഞ്ഞ ദ്രവ്യങ്ങളാലാണ് അഭിഷേകം. നെയ്യഭിഷേകം ഇന്നലെ അവസാനിച്ചിരുന്നു. ഹരിവരാസനം ചൊല്ലി നട അടച്ച ശേഷം മണിമണ്ഡപത്തിന് മുന്നില്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഗുരുതി ആരംഭിക്കും.

നാളെ (ജനുവരി 20) പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് മേല്‍ശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് രാജപ്രതിനിധി കൈമാറും. മാസ പൂജചെലവിനായി പണക്കിഴി നല്‍കി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങും.

മാളികപ്പുറം ഗുരുതി ഇന്ന്

ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ച്‌ മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ ഇന്ന് ഗുരുതി. ഹരിവരാസനം ചൊല്ലി സന്നിധാനം നട അടച്ചശേഷം പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ്. വൈകിട്ട് ഗുരുതിക്കുള്ള ഒരുക്കം ആരംഭിക്കും. മണിമണ്ഡപത്തിന് മുന്നില്‍ വാഴപ്പോളയും കുരുത്തോലയും ഉപയോഗിച്ച്‌ 64 കണ്ണങ്ങളുള്ള അഞ്ച് കളം തീര്‍ത്ത് നടുവില്‍ പന്തം കൊളുത്തും. നിലവിളക്ക്, പൂക്കുല, പൂമാല എന്നിവ കൊണ്ട് അലങ്കരിക്കും.

മാളികപ്പുറം കന്നിമൂല ഭാഗം, കൊച്ചുകടത്തയ്ക്ക് മുമ്പില്‍ , മാളികപ്പുറം ഗോപുരത്തിന് കിഴക്ക് എന്നീ സ്ഥലങ്ങളിലും ഒരേ സമയം ഗുരുതിയുണ്ട്. സന്ധ്യയോടെ മാളികപ്പുറത്തുള്ള രാജപ്രതിനിധി സന്നിധാനത്തേയ്ക്ക് മടങ്ങും. ഹരിവരാസനത്തിന് ശേഷം രാജപ്രതിനിധി മടങ്ങിയെത്തിന് ശേഷം ചടങ്ങ് ആരംഭിക്കും. ഗുരുതിയുടെ ആദ്യ ചടങ്ങ് മാത്രമേ ഭക്തര്‍ക്ക് കാണാന്‍ കഴിയുകയുള്ളു. ഗുരുതിക്ക് മുമ്പായി മാളികപ്പുറം മേല്‍ശാന്തിയും സന്നിധാനത്തേയ്ക്ക് മടങ്ങും.