'ശബരിമല സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം'; ആറ് ഭാഷകളില്‍ സേവനം; 'ശരണ്‍' ആപ്പ് നിലവില്‍
ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗം വികസിപ്പിച്ചെടുത്ത 'ശരണ്‍' (SARAN) ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി നിര്‍വഹിച്ചു.
ഇടത്താവളങ്ങള്‍ക്ക് പുറമെ സമീപത്തുള്ള ആശുപത്രികള്‍, പോലീസ്-ഫയര്‍ സ്റ്റേഷനുകള്‍, എ.ടി.എം., പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവ വിഭാഗം തിരിച്ച് കണ്ടെത്താനും ഗൂഗിള്‍ മാപ്സ് വഴി ദിശയറിയാനും സാധിക്കും
ശബരിമല: ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗം വികസിപ്പിച്ചെടുത്ത 'ശരണ്‍' (SARAN) ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി നിര്‍വഹിച്ചു.
മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളില്‍ സേവനം ലഭ്യമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്കും ഭാഷാപരമായ തടസ്സങ്ങളില്ലാതെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
ശബരിമലയിലേക്കുള്ള പാതകളിലെ ഇടത്താവളങ്ങള്‍, അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക അറിയിപ്പുകള്‍ എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ തീര്‍ഥാടകരിലേക്ക് എത്തിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.
ആപ്പ് പ്രത്യേകം ഡൗണ്‍ലോഡ് ചെയ്യാതെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മൊബൈല്‍ ബ്രൗസറിലൂടെ നേരിട്ട് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ആവശ്യമെങ്കില്‍ ഫോണിന്റെ ഹോം സ്‌ക്രീനിലേക്കും ഇത് ചേര്‍ത്തുവെക്കാം. .
ലൊക്കേഷന്‍ സൗകര്യം ഉപയോഗിച്ച് തൊട്ടടുത്തുള്ള ഇടത്താവളങ്ങള്‍ ദൂരക്രമത്തില്‍ കണ്ടെത്താനും ഇടത്താവളത്തിന്റെയോ തദ്ദേശ സ്ഥാപനത്തിന്റെയോ പേര് നല്‍കി തിരയാനും സാധിക്കും. ഓരോ ഇടത്താവളത്തിലെയും ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണം, കുടിവെള്ളം, ശൗചാലയം, കുളിക്കാനുള്ള സൗകര്യം, വാഹന പാര്‍ക്കിങ് ശേഷി, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, വോളണ്ടിയര്‍ സേവനം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ എന്നിവ മുന്‍കൂട്ടി അറിയാം.
ഇടത്താവളങ്ങള്‍ക്ക് പുറമെ സമീപത്തുള്ള ആശുപത്രികള്‍, പോലീസ്-ഫയര്‍ സ്റ്റേഷനുകള്‍, എ.ടി.എം., പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവ വിഭാഗം തിരിച്ച് കണ്ടെത്താനും ഗൂഗിള്‍ മാപ്സ് വഴി ദിശയറിയാനും സാധിക്കും.ദിവസേനയുള്ള പൂജാ സമയങ്ങള്‍ ഹോം സ്‌ക്രീനില്‍ തന്നെ ലഭ്യമാണ്. അന്നദാനം, പ്രത്യേക ബസ് സര്‍വീസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകളും യഥാസമയം ലഭിക്കും. ഇടത്താവളങ്ങളിലെ ശുചിത്വം വിലയിരുത്താനും പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനും തീര്‍ഥാടകര്‍ക്ക് അവസരമുണ്ട്.