ശബരിമല തീർത്ഥാടകരുടെ വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 

എരുമേലിയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം സ്വദേശി ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയായ ജെസ്വിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തീർത്ഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ഉടൻതന്നെ ഇരുപത്തിയാറാം മൈലിലെ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു അപകടത്തിൽ, കോഴിക്കോട് ദേശീയപാതയിലെ വടകര പാലോളിപ്പാലത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘മൊഹബത്ത്’ എന്ന ബസാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. പരുക്കേറ്റവർ സ്കൂട്ടർ യാത്രക്കാരാണ്; ഇരിങ്ങൽ സ്വദേശിയായ യുവാവാണ് വാഹനമോടിച്ചിരുന്നതെന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.