ശബരി റെയില്‍ പാത; ചിലവാകുന്നതിന്റെ പാതി തുക നല്‍കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍
8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ വിഹിതം കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
പദ്ധതി നടപ്പിലാക്കുന്നതിനായി 303.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും.
ശബരി റെയില്‍ പാത പദ്ധതിക്ക് ചിലവാകുന്ന പകുതി തുക വഹിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ പകുതി തുകയായ 1900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. ശബരിമല റെയില്‍ പാത പദ്ധതി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. പദ്ധതി നടപ്പിലാക്കുന്നതിനായി 303.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. ഇതില്‍ 8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ വിഹിതം കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
നേരത്തെ ശബരി റെയില്‍ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനെക്കുറിച്ച് പഠിക്കാന്‍ 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ തുകയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തീരുമാനം ഉടന്‍ റെയില്‍വേ മന്ത്രാലയത്തെ അറിയിക്കാനാണ് തീരുമാനം.