ശബരി സ്വര്‍ണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം.

 

500 കോടിയുടെ ഇടപാട് നടന്നെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. 


ശബരി സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടിക്ക് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തലയുടെ കത്ത്. ശബരി സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. 
കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി പങ്കുണ്ടെന്നും ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു. ഇന്നലെയാണ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നല്‍കിയത്.
പുരാവസ്തു സാധനങ്ങള്‍ മോഷ്ടിച്ച് കരിച്ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്ന സംഘങ്ങളെ കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ അറിയാം. ഇയാള്‍ പൊതുജനത്തിന് മുന്നില്‍ വന്ന് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. എന്നാല്‍ അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നല്‍കാന്‍ തയ്യാറാണ്. താന്‍ സ്വതന്ത്രമായി പരിശോധിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പുരാവസ്തുസംഘങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നും രമേശ് ചെന്നിത്തലയുടെ കത്തില്‍ പറയുന്നു