വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കില്‍ ഭവിഷ്യത്ത് വലുതെന്ന എസ് സുരേഷിന്റെ പരാമര്‍ശം; വിരട്ടല്‍ ഇവിടെ വേണ്ടെന്ന് ജലീല്‍
വന്ദേമാതരം മുഴുവന്‍ പാടണമെന്ന് എവിടെയും പറഞ്ഞിട്ടില്ല.
വന്ദേമാതരം മുഴുവന്‍ പാടണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിരട്ടലും ഭീഷണിയുമൊന്നും കേരളത്തില്‍ വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീല്‍. വന്ദേമാതരം മുഴുവന്‍ പാടണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിരട്ടലും ഭീഷണിയുമൊന്നും കേരളത്തില്‍ വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വന്ദേമാതരത്തിലെ ആദ്യത്തെ രണ്ടു പാരഗ്രാഫുകള്‍ വേണ്ടവര്‍ക്ക് ചൊല്ലാം. മുഴുവന്‍ ചൊല്ലണമെന്നുള്ളവര്‍ക്ക് അങ്ങനെയുമാകാം. ദേശീയഗാനം തന്നെയാണ് മുഖ്യമെന്നും കെ ടി ജലീല്‍ കുറിച്ചു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
എന്ത് വിവരമറിയും? ഇതെന്താ വെള്ളരിക്കാ പട്ടണമോ? വിരട്ടലും ഭീഷണിയുമൊന്നും കേരളത്തില്‍ വേണ്ട. വന്ദേമാതരം മുഴുവന്‍ പാടണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതിലെ ആദ്യത്തെ രണ്ടു പാരകള്‍ വേണ്ടവര്‍ക്ക് ചൊല്ലാം. മുഴുവന്‍ ചൊല്ലണമെന്നുള്ളവര്‍ക്ക് അങ്ങിനെയുമാകാം. ദേശീയഗാനം തന്നെയാണ് മുഖ്യം. വന്ദേമാതരത്തെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതുമാണ് കുറ്റകരം. ബഹുദൈവ ആരാധന കടന്നു വരുന്ന വരികള്‍ ചൊല്ലാം ഏകദൈവ വിശ്വാസികള്‍ക്ക് കഴിയില്ല. അവരെ നിര്‍ബന്ധിച്ച് അത് ചൊല്ലിപ്പിക്കാനും കഴിയില്ല.
സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നാണ് എസ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പാടണോ എന്ന കാര്യത്തില്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്ന വി ഡി സതീശന് ഇപ്പോഴും ഒരു നിശ്ചയം വന്നിട്ടില്ലെന്നും സുരേഷ് പറഞ്ഞു. വി ഡി സതീശനോട് തങ്ങള്‍ക്ക് പറയാനുള്ളത് കേരളം ഭരിക്കുന്നത് പാലക്കാട് തങ്ങളല്ലെന്നാണെന്നും സുരേഷ് പറഞ്ഞിരുന്നു.