സംസ്ഥാനത്ത് ആര്‍ എസ് വൈറസ് ബാധ; അങ്കമാലി ശിശുഭവനിലെ അഞ്ച് കുട്ടികൾ ആശുപത്രിയിൽ; നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരം..

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ആര്‍ എസ് വൈറസ് ബാധ. ഇവിടുത്തെ അഞ്ച് കുഞ്ഞുങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്.
 

കൊച്ചി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ആര്‍ എസ് വൈറസ് ബാധ. ഇവിടുത്തെ അഞ്ച് കുഞ്ഞുങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. അതിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമാണ്.

രണ്ടാഴ്ചയിലധികമായി കുട്ടികള്‍ ആശുപത്രിയിലാണ്. എന്നാൽ ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍ എസ് വൈറസുകള്‍ പടരാനിടയായ കാരണം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുവരെ വിഷയത്തെക്കുറിച്ച് ശിശുവകുപ്പ് ഔദ്യോഗിക അറിയിപ്പുകളും നൽകിയിട്ടില്ല.

ആര്‍ എസ് വൈറസ് ലക്ഷണങ്ങൾ 

18 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൂടുതലായും രോഗം ബാധിക്കുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമായ ആര്‍ എസ് വൈറസ് രോഗത്തിന് മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. 

മഴ, തണുപ്പ് കാലാവസ്ഥകളിലാണ് ഈ വൈറസ് കൂടുതലായി കാണുന്നത്. പ്രതിവര്‍ഷം 1,60,000 കുട്ടികള്‍ വൈറസ് ബാധ മൂലം മരിക്കുന്നുവെന്നാണ് കണക്കുകള്‍. അതിവേഗം പടരുന്ന രോഗം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഭേദമാകും.

ആന്റിജന്‍ ടെസ്റ്റ്, മോളിക്യുളാര്‍ ടെസ്റ്റ്, റാപിഡ് ടെസ്റ്റ് എന്നിവയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. നിലവില്‍ ആര്‍ എസ് വൈറസിന് മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ രോഗം വന്ന കുട്ടികള്‍ക്ക് വീണ്ടും രോഗം വന്നാല്‍ ശക്തി കുറയും.