കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസില്‍ പരിശോധന, 14 ലക്ഷം രൂപയും യുഎസ് ഡോളറും കണ്ടെത്തി

പച്ചാളത്തെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയപ്പോള്‍ മുറിയില്‍ സൂക്ഷിച്ച പണം മാറ്റാന്‍ ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും വിജിലന്‍സ് സംഘം പണം പിടികൂടുകയായിരുന്നു

 

എറണാകുളം ജില്ലാ ജി.എസ്.ടി ടാക്‌സ് പേയര്‍ സര്‍വ്വീസ് ജോയിന്റ് കമ്മീഷ്ണര്‍ പ്രജനി രാജന്റെ പച്ചാളതെ വീട്ടിലും, ഓഫീസിലും ആയിരുന്നു പരിശോധന

കൊച്ചിയില്‍ ജിഎസ്ടി ജോയിന്‍ കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 14 ലക്ഷം രൂപയും 788 യൂ എസ് ഡോളറും പിടിച്ചെടുത്തു. എറണാകുളം ജില്ലാ ജി.എസ്.ടി ടാക്‌സ് പേയര്‍ സര്‍വ്വീസ് ജോയിന്റ് കമ്മീഷ്ണര്‍ പ്രജനി രാജന്റെ പച്ചാളതെ വീട്ടിലും, ഓഫീസിലും ആയിരുന്നു പരിശോധന. തേവര ജിഎസ്ടി കോംപ്ലക്സിലെ സംസ്ഥാന ജോയിന്റ് കമ്മിഷണറുടെ ഓഫിസിലും വീട്ടിലും ഒരേ സമയമാണ് സംഘം പരിശോധനയ്ക്ക് എത്തിയത്.

പച്ചാളത്തെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയപ്പോള്‍ മുറിയില്‍ സൂക്ഷിച്ച പണം മാറ്റാന്‍ ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും വിജിലന്‍സ് സംഘം പണം പിടികൂടുകയായിരുന്നു. തന്റെ ലോഡ്ജില്‍ നിന്നുള്ള മാസ വരുമാനമാണ് പണം എന്നായിരുന്നു ഉദ്യോഗസ്ഥയുടെ മൊഴി. യാത്ര ആവശ്യത്തിനായി കരുതിയതാണ് യുഎസ് ഡോളര്‍ എന്നും ഉദ്യോഗസ്ഥ മൊഴി നല്‍കിയിട്ടുണ്ട്.


കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 63 ശതമാനം വരുമാനത്തേക്കാള്‍ ഉയര്‍ന്ന സമ്പാദ്യം ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മൂവാറ്റുപുഴ കോടതിയില്‍ രണ്ടുദിവസം മുന്‍പ് എഫ്‌ഐആര്‍ സമര്‍പ്പിച്ച ശേഷം ആയിരുന്നു മിന്നല്‍ പരിശോധന. പരിശോധനയില്‍ ലഭിച്ച പണവും വിദേശ കറന്‍സിയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.