ശബരിമലയില്‍ എസ്‌ഐയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 10,000 രൂപ കവര്‍ന്നു ; പ്രതി പിടിയില്‍

 

സ്‌ഐയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയില്‍നിന്ന് 10,000 രൂപ പിന്‍വലിച്ചു.

 

തമിഴ്നാട്ടില്‍നിന്ന് ദര്‍ശനത്തിനെത്തിയ ചെന്നൈയിലെ എസ്‌ഐ വടിവേലിന്റെ എടിഎം കാര്‍ഡാണ് ജിഷ്ണു മോഷ്ടിച്ചത്.


ശബരിമലയില്‍ എസ്‌ഐയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 10,000 രൂപ കവര്‍ന്ന് സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരന്‍. മാളികപ്പുറം 15-ാം നമ്പര്‍ അരവണ കൗണ്ടറിലെ ജീവനക്കാരനെ ദേവസ്വം വിജിലന്‍സ് പിടികൂടി. മാവേലിക്കര കണ്ടിയൂര്‍ അറയ്ക്കല്‍ തെക്കതില്‍ ജിഷ്ണു സജികുമാറാണ് അറസ്റ്റിലായത്.

തമിഴ്നാട്ടില്‍നിന്ന് ദര്‍ശനത്തിനെത്തിയ ചെന്നൈയിലെ എസ്‌ഐ വടിവേലിന്റെ എടിഎം കാര്‍ഡാണ് ജിഷ്ണു മോഷ്ടിച്ചത്. 15-ാം നമ്പര്‍ കൗണ്ടറില്‍ നിന്ന് എസ്‌ഐ വടിവേല്‍ 1460 രൂപയുടെ അപ്പം, അരവണ പ്രസാദം എന്നിവ വാങ്ങിച്ചു. ശേഷം പണമടക്കുന്നതിനായി എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ കൗണ്ടറിലെ താത്കാലിക ജീവനക്കാരനായ ജിഷ്ണുവിന് നല്‍കി. ഈസമയം ജിഷ്ണു എടിഎം കാര്‍ഡിന്റെ രഹസ്യ നമ്പര്‍ മനസ്സിലാക്കി. പണം ക്രെഡിറ്റ് ആയതിന് ശേഷം എസ്‌ഐ സൈ്വപ്പ് ചെയ്യാന്‍ നല്‍കിയ കാര്‍ഡിന് പകരം ജിഷ്ണു കൈയില്‍ കരുതിയ മറ്റൊരു കാര്‍ഡാണ് തിരിച്ചുനല്‍കിയത്. ഇതറിയാതെ എസ്‌ഐയും സംഘവും ദര്‍ശനം കഴിഞ്ഞ് മടങ്ങുകയും ചെയ്തു.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍, ജിഷ്ണു കൈക്കലാക്കിയ എസ്‌ഐയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയില്‍നിന്ന് 10,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍ ലഭിച്ചതോടെയാണ് എസ്‌ഐക്ക് ചതി മനസിലായത്. ഉടന്‍ എസ്‌ഐ ധനലക്ഷ്മി ബാങ്കിനെ വിവരം അറിയിച്ചു. ധനലക്ഷ്മി ബാങ്കു വിജിലന്‍സിന് പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു പിടിയിലായത്.