തിരുവനന്തപുരത്ത് പട്ടാപ്പകല്‍ പോലീസുകാരന്റെ വീട്ടില്‍ കവര്‍ച്ച; 12 പവന് സ്വര്‍ണവും പണവും നഷ്ടമായി
ഭാര്യയും കുട്ടികളും തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.
പതിവുപോലെ രാവിലെ വീട് പൂട്ടിയ ശേഷം ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും, മൂന്ന് കുട്ടികള്‍ സ്കൂളിലും പോയ സമയത്തായിരുന്നു മോഷ്ടാക്കള്‍ അകത്തുകടന്നത്.
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച. വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടില്‍ നിന്ന് 12 പവന് സ്വര്‍ണാഭരണങ്ങളും 2500 രൂപയുമാണ് മോഷണം പോയത്. രാവിലെ 8.30നും വൈകിട്ട് 3.30നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്.
പതിവുപോലെ രാവിലെ വീട് പൂട്ടിയ ശേഷം ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും, മൂന്ന് കുട്ടികള്‍ സ്കൂളിലും പോയ സമയത്തായിരുന്നു മോഷ്ടാക്കള്‍ അകത്തുകടന്നത്. വൈകിട്ട് 3.30ഓടെ ഭാര്യയും കുട്ടികളും തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍തന്നെ ഇവര്‍ ജസ്നാദിനെയും നാട്ടുകാരെയും വെഞ്ഞാറമൂട് പോലീസിനെയും വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീടിനകത്തെ സാധനസാമഗ്രികളെല്ലാം വാരിവലിച്ചിട്ട് അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു.