കലാമണ്ഡലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന നിറഞ്ഞ സദസ്സിലായിരുന്നു രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിച്ചത്.
 

കലാമണ്ഡലത്തില്‍ നൃത്തം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥി യൂണിയനാണ് കൂത്തമ്പലത്തില്‍ നൃത്തം അവതരിപ്പിക്കാനുള്ള വേദി ഒരുക്കി നല്‍കിയത്. കലാമണ്ഡലത്തില്‍ ചിലങ്ക കെട്ടിയാടാന്‍ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന നിറഞ്ഞ സദസ്സിലായിരുന്നു രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിച്ചത്. കൂത്തമ്പലത്തില്‍ ചിലങ്ക കെട്ടണമെന്ന രണ്ടു പതിറ്റാണ്ടായുള്ള രാമകൃഷ്ണന്റെ സ്വപ്നം കൂടിയായിരുന്നു സാക്ഷാത്കരിച്ചത്.മോഹനനല്ല, മോഹിനിയാണ് മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്, കറുത്ത നിറമുള്ളവര്‍ നൃത്ത മത്സരങ്ങളില്‍ പങ്കെടുക്കേണ്ട തുടങ്ങി നിരവധി അധിക്ഷേപ പരാമര്‍ശങ്ങളായിരുന്നു സത്യഭാമ രാമകൃഷ്ണനെതിരെ ഉയര്‍ത്തിയത്.

പതിനഞ്ച് കൊല്ലമായി അധ്യാപകനായും നര്‍ത്തകനായും കലാ രംഗത്തുണ്ട്. ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാനായി കലാമണ്ഡലത്തിന്റെ വാതിലുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷയെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ കലാമണ്ഡലം വിദ്യാര്‍ഥി യൂണിയനാണ് കൂത്തമ്പലത്തില്‍ വേദി ഒരുക്കിയത്. കലാമണ്ഡലം വിസിയും രജിസ്ട്രാറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നൃത്താവതരണം.