എന്‍സിപി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം

മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനുളള നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന എ കെ ശശീന്ദ്രന്‍, എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണി ആവര്‍ത്തിക്കുകയാണ്.
 

മന്ത്രി സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് എന്‍സിപി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം. തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കാനുള്ള നീക്കം സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് ഭിന്നത മൂര്‍ച്ഛിച്ചത്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനുളള നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന എ കെ ശശീന്ദ്രന്‍, എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണി ആവര്‍ത്തിക്കുകയാണ്.

അനുനയത്തിനായി പാര്‍ട്ടി നിയോഗിച്ച നാലംഗ സമിതിയോടാണ് ശശീന്ദ്രന്‍ എതിര്‍പ്പ് അറിയിച്ചത്. മന്ത്രിസ്ഥാന മാറ്റത്തില്‍ അന്തിമ തീരുമാനം ദേശിയ അധ്യക്ഷന്‍ ശരത് പവാറാണ് കൈക്കൊളേളണ്ടത്.

ശരത് പവാറിനെ കാണുന്നതിനായി തോമസ് കെ തോമസ് എംഎല്‍എ ഇന്ന് മുംബൈയിലേക്ക് പോകും. പി സി ചാക്കോയും പവാറിനെ കാണുന്നതിനായി പോകുന്നുണ്ട്. എന്നാല്‍ ശശീന്ദ്രന്‍ പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി പകരം തോമസ് കെ തോമസിനെ എത്തിക്കാനുള്ള നീക്കം നടക്കുന്നതിനിടെ വിവരം കഴിഞ്ഞ ദിവസമാണ് പി സി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ മന്ത്രിസ്ഥാനം എന്‍സിപിയുടെ ആഭ്യന്തര കാര്യമാണെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

നേരത്തെ എന്‍സിപിയുടെ മന്ത്രി സ്ഥാനം തീരുമാനിക്കുമ്പോള്‍ രണ്ടര വര്‍ഷം തോമസ് കെ തോമസിന് നല്‍കാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ തോമസ് പക്ഷം വാദിക്കുന്നത്. എന്നാല്‍ ആ ധാരണ ഇല്ല എന്ന മറുവാദത്തിലാണ് എകെ ശശീന്ദ്രന്‍ പക്ഷം.