ഓട്ടോറിക്ഷകളിലെ നിരക്ക് മീറ്റർ: റോഡിലിറങ്ങി പരിശോധന വേണ്ട - മോട്ടോർവാഹന വകുപ്പ്
ഓട്ടോറിക്ഷകളിൽ നിരക്ക് മീറ്റർ നിർബന്ധമാക്കിയെങ്കിലും റോഡിലിറങ്ങി പരിശോധിക്കേണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഓട്ടോറിക്ഷകൾ ഫിറ്റ്നസ് ടെസ്റ്റിനെത്തുമ്പോൾമാത്രം പരിശോധിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം
ആലപ്പുഴ: ഓട്ടോറിക്ഷകളിൽ നിരക്ക് മീറ്റർ നിർബന്ധമാക്കിയെങ്കിലും റോഡിലിറങ്ങി പരിശോധിക്കേണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഓട്ടോറിക്ഷകൾ ഫിറ്റ്നസ് ടെസ്റ്റിനെത്തുമ്പോൾമാത്രം പരിശോധിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. എന്നാൽ, പാലക്കാട് ഉൾപ്പെടെയുള്ള ചില ജില്ലകളിൽ മോട്ടോർവാഹന വകുപ്പ് മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോകൾക്കെതിരേ നടപടിയെടുത്തു തുടങ്ങി.
ഓട്ടോറിക്ഷകളിൽ നിരക്ക് മീറ്റർ പ്രവർത്തിപ്പിക്കാതെ അമിതചാർജ് ഈടാക്കുന്നതായും ഇത് ഓട്ടോറിക്ഷാ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള സംഘർഷങ്ങൾക്കു കാരണമാകുന്നതായും കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് മീറ്റർ ഘടിപ്പിക്കാത്തതും പ്രവർത്തിക്കാത്തതുമായ ഓട്ടോകളിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ പതിക്കണമെന്ന നിർദേശം നൽകിയത്. മാർച്ച് ഒന്നുമുതൽ സി.എഫ്. ടെസ്റ്റ് സമയത്ത് ഇതു പരിശോധിക്കണമെന്നും നിർദേശമുണ്ടായിരുന്നു.
ജില്ലയിൽ ശനിയാഴ്ച ഫിറ്റ്നസ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. അതിനാൽ പരിശോധന നടന്നില്ല. തിങ്കളാഴ്ചമുതൽ ടെസ്റ്റുണ്ട്. അതിനാൽ തിങ്കളാഴ്ചമുതൽ പരിശോധിക്കുമെന്നാണ് അറിയുന്നത്. ഇതിനെതിരേ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വിവിധ യൂണിയനുകൾ എതിർപ്പുമായി രംഗത്തുണ്ട്. സംഘടനകൾ അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും മോട്ടോർവാഹന വകുപ്പിനുമുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.