പോഷകാഹാരക്കുറവ് റിപ്പോർട്ടിന് പിന്നാലെ അരി ക്ഷാമം; ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തില്‍  ഇടുക്കി ജില്ലാ കളക്ടര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു . ഒരുമാസമായി ഇടമലക്കുടിയില്‍ റേഷന്‍ അരി ലഭിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം. റേഷന്‍ കടകളില്‍ അരി സ്റ്റോക്കില്ല
 

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തില്‍  ഇടുക്കി ജില്ലാ കളക്ടര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു . ഒരുമാസമായി ഇടമലക്കുടിയില്‍ റേഷന്‍ അരി ലഭിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം. റേഷന്‍ കടകളില്‍ അരി സ്റ്റോക്കില്ല. അരി ലഭിക്കാതെ ജനങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പും, സഹകരണ വകുപ്പ് റജിസ്ട്രാറുമാണ് അന്വേഷണം നടത്തുക. കുറ്റം തെളിഞ്ഞാല്‍ വിതരണക്കാര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ പറഞ്ഞു. 

ഗിരിജന്‍ സൊസൈറ്റിയും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ക്രമക്കേട് നടത്തിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തും ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ഒരു മാസമായി ഇടമലക്കുടിയില്‍ ഒരു ഉന്നതികളിലും അരി ലഭിച്ചിരുന്നില്ല. പല തവണ ഇക്കാര്യം സിവില്‍ സപ്ലൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ശേഷമാണ് പ്രാഥമിക അന്വേഷണം നടന്നത്.

ഇടമലക്കുടിയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്ന് റിപ്പോര്‍ട്ട് വന്ന് നാളുകള്‍ കഴിയുമ്പോഴാണ് ഇടമലക്കുടിയിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ അരി പോലും ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുന്നത്. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.