പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരം; മണ്ണെണ്ണ നിറച്ച കുപ്പികൾ യുവതിയുടെ വീട്ടിലേക്കെറിഞ്ഞ് യുവാവിന്റെ ആക്രമണം
കോയമ്പത്തൂർ: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പ്രതികാരമായി യുവതിയുടെ വീട്ടിലേക്ക് മണ്ണെണ്ണ നിറച്ച കുപ്പികൾ എറിഞ്ഞ് യുവാവിന്റെ ആക്രമണം. തൊണ്ടമുത്തൂരിനടുത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ നാലംഗ സംഘത്തിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
തമിഴ്‌നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കാർത്തിക് (എ മാരിയപ്പൻ) എന്നയാളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാർത്തിക് യുവതിയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി കുടുംബം പരാതിപ്പെട്ടിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ കാർത്തിക്കും മൂന്ന് സുഹൃത്തുക്കളും ബൈക്കുകളിലായി യുവതിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവത്തിന് തുടക്കം. വീടിന് പുറത്തുനിൽക്കുകയായിരുന്ന യുവതിയുടെ പിതാവിനെ ഇവർ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൈവശം കരുതിയിരുന്ന, മണ്ണെണ്ണ നിറച്ച കുപ്പികൾ വീടിന് നേരെ എറിഞ്ഞ് ഇവർ അക്രമം അഴിച്ചുവിട്ടത്.
വീടിന് നേരെ എറിഞ്ഞ മണ്ണെണ്ണ നിറച്ച കുപ്പികളിൽ ഒന്ന് വീടിന്റെ പോർട്ടിക്കോ ഭാഗത്തെ ഷൂ സ്റ്റാൻഡിലേക്ക് പതിച്ചതോടെ തീപിടിത്തമുണ്ടാവുകയും അവിടെയുണ്ടായിരുന്ന ക്യാൻവാസ് ഷൂസ് കത്തി നശിക്കുകയും ചെയ്തു. യുവതിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കായി വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുകയാണ്.