കേരളത്തിൻ്റെ സാഹോദര്യവും  ഐക്യവും  കാത്തുസൂക്ഷിക്കാൻ നമ്മളെല്ലാവരും ബാധ്യസ്ഥർ: മന്ത്രി ഒ.ആർ. കേളു

 

കോട്ടയം:  സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും നാടാണു കേരളമെന്നും അവ  കാത്തുസൂക്ഷിക്കാൻ നമ്മളെല്ലാവരും ബാധ്യസ്ഥരാണെന്നും   പട്ടികജാതി-പട്ടികവർഗ - പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു പറഞ്ഞു.

സംസ്ഥാന പരിവര്‍ത്തിതക്രൈസ്തവ ശുപാര്‍ശിതവിഭാഗ വികസനകോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളായ നവജീവന്‍, ജീവാമൃതം  എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനവും വിവിധ ആനുകൂല്യവിതരണവും ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ അടിസ്ഥാനവിഭാഗങ്ങളുടെയും സാമൂഹികോന്നമനത്തിനു വേണ്ടി സർക്കാർ പ്രവർത്തിച്ചു വരികയാണ്. ഈ വിഭാഗത്തെ  സാമൂഹികമായും  സാംസ്കാരികമായും  സാമ്പത്തികമായും ഉയർത്തിക്കൊണ്ടു വരുന്നതിൻ്റെ ഭാഗമായാണ് കോർപ്പറേഷൻ രൂപീകരിച്ചത് - മന്ത്രി പറഞ്ഞു.

പുതിയ തലമുറയിൽ പലർക്കും ചരിത്രം പഠിക്കുന്നതിനോട് താൽപര്യമില്ല. ഈ  കാലഘട്ടത്തിൽ യുവതലമുറയുടെ ഫോക്കസ് ജോലി, വരുമാനം, ജീവിതമാർഗം എന്നീ കാര്യങ്ങളിലാണ്. അതിൽ തെറ്റില്ല. പക്ഷേ, അതിൻ്റെ നാൾവഴി കൂടി മനസ്സിലാക്കി പോകുന്നതു നല്ലതാണ്.ചsങ്ങിൽ സഹകരണ -ദേവസ്വം - തുറമുഖം വകുപ്പു മന്ത്രി വി. എന്‍.  വാസവന്‍ അദ്ധ്യക്ഷത വഹിച്ചു. ഉപരിവിദ്യാഭ്യാസത്തെ കൈപിടിച്ചുയർത്തുന്ന കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനിൽ നിന്നു വായ്പയെടുത്ത് തുക തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ നിൽക്കുന്നവർക്കുള്ള സഹായമാണ് ജീവാമൃതം എന്നും അവരുടെ പിഴപ്പലിശയും സർവീസ് ചാർജും അതിൽ വരുന്ന മറ്റു പലിശകളും ഒഴിവാക്കി, 45 ദിവസത്തിനുള്ളിൽ മൂന്നു ഗഡുക്കളാക്കി അടയ്ക്കാൻ അനുവദിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, വാര്‍ഡംഗം സിന്‍സി പാറയില്‍,  പിന്നാക്കവിഭാഗക്ഷേമവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കോര്‍പ്പറേഷന്‍ ഡയറക്ടറുമായ എസ്. ലത, കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബി. ബാബുരാജ്,  ഡയറക്ടര്‍മാരായ ഡോ. എം.കെ.  സുരേഷ്, സിജു സെബാസ്റ്റിയന്‍, മുന്‍ ഡയറക്ടര്‍ രാജേഷ് പാലങ്ങാട്ട്, ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സി. എം. ഐ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. ജെ. അനൂപ് എന്നിവര്‍ പങ്കെടുത്തു.

തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് വായ്പകള്‍ പുനഃക്രമീകരിക്കാനും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് ഇളവുകള്‍ നല്‍കാനുമുള്ള  പദ്ധതികളാണ് നവജീവന്‍, ജീവാമൃതം എന്നിവ. തൊഴിലധിഷ്ഠിത  പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്/സ്‌റ്റൈപന്റ് വിതരണം ചടങ്ങിൽ നിർവഹിച്ചു.  എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, പി.ജി./പ്രൊഫഷണല്‍ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹനസമ്മാനം, മെഡിക്കല്‍/ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ  പരിശീലനത്തിനുള്ള ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷ ചടങ്ങിൽ സ്വീകരിച്ചു.