ആലുവയില്‍ ഹാലോവിന്‍ പാര്‍ട്ടി വിഷയത്തില്‍ വിശദീകരണവുമായി റിസോര്‍ട്ട് ജീവനക്കാര്‍

കേസില്‍ അറസ്റ്റിലായ കടവന്ത്ര സ്വദേശിയായ 21കാരന്‍ അലക്‌സിനായി  പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

 

റിസോര്‍ട്ടില്‍ മദ്യം ഉപയോഗിച്ചതോ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എത്തിയതോ അറിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം.

ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിന്‍ പാര്‍ട്ടി വിഷയത്തില്‍ വിശദീകരണവുമായി റിസോര്‍ട്ട് ജീവനക്കാര്‍ രംഗത്ത്. റിസോര്‍ട്ടില്‍ മദ്യം ഉപയോഗിച്ചതോ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എത്തിയതോ അറിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. മുറി ബുക്ക് ചെയ്ത സമയത്ത് നല്‍കിയ ഐ.ഡി കാര്‍ഡുകള്‍ 18 വയസ്സ് കഴിഞ്ഞവരുടേതായിരുന്നുവെന്നും, അതിഥികള്‍ എത്തിയശേഷം ആ ഭാഗത്തേക്ക് പോയിട്ടില്ലെന്നും റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചു. സംഭവത്തില്‍ റിസോര്‍ട്ട് മാനേജറുടേയും കെയര്‍ ടേക്കറുടേയും മൊഴി ആലുവ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കേസില്‍ അറസ്റ്റിലായ കടവന്ത്ര സ്വദേശിയായ 21കാരന്‍ അലക്‌സിനായി  പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. പാര്‍ട്ടിയില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ എത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നത്.

നേരത്തെ, മുപ്പതിലധികം പേര്‍ പങ്കെടുത്ത ഹാലോവിന്‍ ആഘോഷത്തിനിടെ 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയായ അലക്‌സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

കടവന്ത്ര സ്വദേശിയായ അലക്‌സാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും മുന്നില്‍ നിന്നതെന്നാണ് ലഭിക്കുന്ന വിവരം. അതിഥികളായി പങ്കെടുത്തവരില്‍ പ്രമുഖ വ്യക്തികളുടെ മക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആഘോഷങ്ങള്‍ക്കിടെ മദ്യസല്‍ക്കാരവും ലഹരി ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്