പ്ലേറ്റ് അഴിച്ചു വെക്കുന്നതും നമ്പർ പ്ലേറ്റ് വളച്ച് വെയ്ക്കുന്നതും നിയമവിരുദ്ധം; പിടിവീഴും,5000 രൂപ വരെ പിഴ
രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് അഴിച്ചു വെക്കുന്നതും നമ്പർ പ്ലേറ്റ് വളച്ച് വെയ്ക്കുന്നത് നിയമലംഘനമാണെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ക്യാമറയിൽ പതിയാത്ത തരം മെറ്റീരിയൽ കൊണ്ട് നമ്പർ പ്ലേറ്റ് ഉണ്ടാക്കുന്നതും നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രങ്ങൾ, എഴുത്തുകൾ ഒട്ടിക്കുന്നതും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് അഴിച്ചു വെക്കുന്നതും നമ്പർ പ്ലേറ്റ് വളച്ച് വെയ്ക്കുന്നത് നിയമലംഘനമാണെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ക്യാമറയിൽ പതിയാത്ത തരം മെറ്റീരിയൽ കൊണ്ട് നമ്പർ പ്ലേറ്റ് ഉണ്ടാക്കുന്നതും നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രങ്ങൾ, എഴുത്തുകൾ ഒട്ടിക്കുന്നതും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രജിസ്ട്രേഷൻ നമ്പർ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ പല വാഹന ഉടമകളും വളരെ ലാഘവത്തോടെ അവർക്കിഷ്ടപ്പെട്ട രീതിയിൽ പ്രദർശിപ്പിക്കുകയും, ചിലർ മറച്ച് വെക്കുകയും, മറ്റു ചിലർ അഴിച്ചു വെക്കുകയും, കാണാതിരിക്കാൻ ചെളി വാരിത്തേക്കുകയും ഒക്കെ ചെയ്യുന്നതായി കാണുന്നു.
പരിശോധനക്കിടെ കാണുന്ന പ്രധാന പ്രശ്നങ്ങൾ ഒന്ന് പരിശോധിക്കാം.
1. റെജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് അഴിച്ചു വെക്കുക.
2. നമ്പർ പ്ലേറ്റ് വളച്ച് വെക്കുക.
3. നമ്പർ കാണാത്ത തരത്തിൽ മറച്ചുവെക്കുക.
4. നമ്പർ പ്ലേറ്റിൻ്റെ ഒരു ഭാഗം മുറിച്ചു കളയുക.
5. കാണാതിരിക്കാൻ കരി ഓയിൽ, ചെളി മുതലായവ തേച്ചു വെക്കുക.
6. ഏതെങ്കിലും ഒരു അക്കത്തിനു മേൽ എന്തെങ്കിലും ഒട്ടിച്ചു വെക്കുക.
7. നമ്പർ പ്ലേറ്റ് തന്നെ വിചാഗിരി വെച്ച് ആവശ്യത്തിന് മടക്കി വെക്കുക.
8. ആവശ്യാനുസരണം റിമോട്ട് വഴി പ്ലേറ്റിനെ കവർ ചെയ്യുക.
9. ക്യാമറയിൽ പതിയാത്ത തരം മെറ്റീരിയൽ കൊണ്ട് നമ്പർ പ്ലേറ്റ് ഉണ്ടാക്കുക.
10. നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രങ്ങൾ, എഴുത്തുകൾ ഒട്ടിക്കുക.
11. ടെമ്പററി റെജിസ്ട്രേഷൻ നമ്പർ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കങ്ങൾക്ക് പകരം ചുവന്ന പ്രതലത്തിൽ വെളുത്തതോ, കറുത്തതോ നിറമുള്ള അക്കത്തിൽ എഴുതുക.
12. ട്രാൻസ്പോർട്ട് വാഹനങ്ങളിൽ സൈഡിൽ നമ്പർ എഴുതാതിരിക്കുക.
13. ബാറ്ററി ഓപറേറ്റഡ് (EV) ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ അക്ഷരത്തിന്നു പകരം വെളുത്ത അക്ഷരത്തിൽ എഴുതുക.
14. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുക.
ഇങ്ങനെയുള്ള പ്രവൃത്തികള് കൊണ്ട് അപകടങ്ങളിൽ പെട്ട വാഹനങ്ങൾ തിരിച്ചറിയാൻ പ്രയാസമുണ്ടാവുകയും, hit and run കേസുകളിൽ ഉൾപെടെ സാധാരണ നിലയിൽ ലഭിക്കേണ്ടതായ ഇൻഷുറൻസ് പരിരക്ഷ ഇരകൾക്ക് കിട്ടാതിരിക്കാനും സാധ്യത ഉണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെല്ലാം റെജിസ്ട്രേഷൻ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 3000 രൂപയും, മീഡിയം ഹെവി വാഹനങ്ങൾക്ക് 5000 രൂപയുമാണ് പിഴയൊടുക്കേണ്ടത് എന്നുകൂടി മനസിലാക്കുക