അയ്യപ്പ ഭക്ത സംഗമത്തിന് ക്ഷണിക്കുമ്പോൾ രഹ്ന ഫാത്തിമയെ മറക്കരുത് : കെ പി ശശികല 

സംസ്ഥാന സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ശബരിമല പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതി​രെ ഹിന്ദു ഐക്യ വേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല.

 

കോഴിക്കോട് : സംസ്ഥാന സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ശബരിമല പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതി​രെ ഹിന്ദു ഐക്യ വേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല. അയ്യപ്പ ഭക്ത സംഗമത്തിന് ക്ഷണിക്കുമ്പോൾ രഹ്നാ ഫാത്തിമ തുടങ്ങിയവരെ മറക്കരുതെന്നും ശബരീശന്റെ പ്രത്യേക അനുഗ്രഹം ഏറ്റു വാങ്ങിയ കനകദുർഗ്ഗ, ബിന്ദു അമ്മിണി തുടങ്ങിയ മാളികപുറങ്ങളെ പ്രത്യേകമായി ആദരിക്കണമെന്നും ശശികല പരിഹസിച്ചു.

സെപ്റ്റംബർ 16നും 21നും ഇടയിലാണ് ആഗോള അയ്യപ്പ സംഗമം നടത്തുക. തീയതി പിന്നീട് തീരുമാനിക്കും. 3000 പേരെയാകും ക്ഷണിക്കുക. എത്തുന്നവർക്ക് സ്പെഷൽ ദർശന സൗകര്യം ഒരുക്കും. 3,000 പേർക്ക് ഇരിക്കാൻ പന്തൽ നിർമിക്കും. ശബരിമലയുടെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായും മറ്റ് മന്ത്രിമാർ രക്ഷാധികാരികളായും സ്വാഗതസംഘം രൂപവത്കരിക്കും. പത്തനംതിട്ട കലക്ടറുടെ നേതൃത്വത്തിൽ ഒരാഴ്ചക്കകം പമ്പയിൽ സ്വാഗതസംഘം വിളിച്ച് പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആലോചന യോഗത്തിൽ മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജെനീഷ് കുമാർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, പത്തനംതിട്ട കലക്ടർ എസ്. പ്രേം കൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കമീഷണർ സി.വി. പ്രകാശ്, വിവിധ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ശശികലയുടെ ഫേസ്ബുക് കുറിപ്പ്:

അയ്യപ്പ ഭക്ത സംഗമത്തിന്

ക്ഷണിക്കുമ്പോൾ മനീതികൾ രഹ്നാ പാത്തുമ്മ ........ തുടങ്ങിയവരെ മറക്കരുത് അയ്യപ്പഭക്തരുടെ സംഗമത്തിൽ ശബരീശൻ്റെ പ്രത്യേക അനുഗ്രഹം ഏറ്റു വാങ്ങിയ കനകദുർഗ്ഗ ബിന്ദു അമ്മിണി തുടങ്ങിയ മാളികപുറങ്ങളെ പ്രത്യേകമായി ആദരിക്കുകയും വേണം

#സ്വാമിയേശരണമയ്യപ്പാ