മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: 'കല്ലിട്ട് 100 ദിവസം പിന്നിട്ടും വീട് നിര്‍മ്മാണം ആരംഭിച്ചിട്ടില്ല'; വിമര്‍ശനവുമായി സിപിഐഎം
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: 'കല്ലിട്ട് 100 ദിവസം പിന്നിട്ടും വീട് നിര്‍മ്മാണം ആരംഭിച്ചിട്ടില്ല'; വിമര്‍ശനവുമായി സിപിഐഎം
പരമാവധി 25 വീട് മാത്രം നിര്‍മിക്കാനാകുന്ന 5.42 ഏക്കര്‍ ഭൂമിയാണ് കുന്നംബേട്ടയില്‍ വാങ്ങിയതെന്നും സിപിഐഎം പറഞ്ഞു.
100 ദിവസം പിന്നിട്ട ശനിയാഴ്ചവരെ ഒരു വീടിന്റെപോലും നിര്‍മ്മാണപ്പണി നടത്തിയിട്ടില്ല.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസിന്റെ പുനരധിവാസം വൈകുന്നതില്‍ വിമര്‍ശനവുമായി സിപിഐഎം. കല്ലിട്ട് നൂറുദിവസം പിന്നിട്ടിട്ടും ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം കോണ്‍ഗ്രസ് ആരംഭിച്ചിട്ടില്ലെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ കണ്ണീര്‍ കാണിച്ച് പണംതട്ടിയ കോണ്‍ഗ്രസ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി 26നാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയുമെത്തിച്ച് കുന്നമ്പറ്റയിലെ കാട്ടാനശല്യമുള്ള ഭൂമിയില്‍ കല്ലിട്ടതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി.
100 ദിവസം പിന്നിട്ട ശനിയാഴ്ചവരെ ഒരു വീടിന്റെപോലും നിര്‍മ്മാണപ്പണി നടത്തിയിട്ടില്ല. നിര്‍മ്മാണ അനുമതി വാങ്ങുകയോ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ 'നിര്‍മാണം ആരംഭിച്ചു, നിങ്ങള്‍ പോയിനോക്കൂ' എന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കുമുമ്പ് മാധ്യമങ്ങളോട് പറഞ്ഞ ഭൂമി ഇന്ന് കാടുകയറിയ നിലയിലാണെന്നും സിപിഐഎം പറഞ്ഞു.
പണി ആരംഭിച്ചിട്ടില്ലെന്നത് പുറത്തറിയിക്കാതിരിക്കാനും മാധ്യമപ്രവര്‍ത്തകര്‍ ചിത്രവും ദൃശ്യവും പകര്‍ത്തുന്നത് തടയാനും ഉയരത്തില്‍ തകര ഷീറ്റിട്ട് ഭൂമി മറച്ചിട്ടുണ്ട്. എന്നാല്‍, മൂന്നാഴ്ച മുമ്പ് കാട്ടാനയെത്തി തകര ഷീറ്റ് തകര്‍ത്ത് ഭൂമിയില്‍ പ്രവേശിച്ചിരുന്നു. കെപിസിസി 100 വീട്, രാഹുല്‍ ഗാന്ധി 100 വീട്, യൂത്ത് കോണ്‍ഗ്രസ് 30 വീട് എന്നിങ്ങനെ 230 വീട് പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പണംപിരിച്ചത്. പരമാവധി 25 വീട് മാത്രം നിര്‍മിക്കാനാകുന്ന 5.42 ഏക്കര്‍ ഭൂമിയാണ് കുന്നംബേട്ടയില്‍ വാങ്ങിയതെന്നും സിപിഐഎം പറഞ്ഞു. കോണ്‍ഗ്രസിനെ വിശ്വസിച്ച് എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് 15 ലക്ഷം രൂപ വാങ്ങി ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്നുവച്ചവരാണ് വഞ്ചിക്കപ്പെട്ടത്. കല്‍പ്പറ്റ നഗരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈമാറിയ ടൗണ്‍ഷിപ്പിലെ വീടുകളില്‍ ഗുണഭോക്താക്കള്‍ താമസം ആരംഭിച്ചുവെന്നും സിപിഐഎം കൂട്ടിച്ചേര്‍ത്തു.