ഗുരുവായൂരിൽ ഇന്ന് റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക് 

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. 443 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്നു ഗുരുവായൂരപ്പന്റെ മുന്നിൽവെച്ച് താലിചാർത്താൻ

 

തൃശ്ശൂർ:  ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. 443 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്നു ഗുരുവായൂരപ്പന്റെ മുന്നിൽവെച്ച് താലിചാർത്താൻ വൻ ജനത്തിരക്കാണ് ക്ഷേത്രസന്നിധിയിൽ അനുഭവപ്പെട്ടത്. ഓഗസ്റ്റ് 23-ന് നടന്ന 416 കല്യാണങ്ങളെന്ന നിലവിലെ റെക്കോഡാണ് ഞായറാഴ്ച മറികടന്നത്. രാവിലെ നാലുമുതൽ 8.45 വരെയായിരുന്നു ഏറ്റവും കൂടുതൽ കല്യാണങ്ങൾ നടന്നത്.  ആദ്യ രണ്ടര മണിക്കൂറിൽ തന്നെ 150 വിവാഹങൾ നടന്നു കഴിഞ്ഞിരുന്നു. 
 
ഇത്രയധികം കല്യാണങ്ങൾ ഒരു പരാതിയുമില്ലാതെ നടത്താനായതിനു പിന്നിൽ മികച്ച ആസൂത്രണമാണെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്. നിലവിലെ അഞ്ച് മണ്ഡപങ്ങൾക്കു പുറമേ, കൂടുതൽ മണ്ഡപങ്ങളും സജ്ജീകരിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും പോലീസിന്റെ സേവനവും അഗ്നിരക്ഷാസേന, ആംബുലൻസ് സൗകര്യങ്ങളും ഉറപ്പാക്കിയിരുന്നു. വധൂവരന്മാർക്കും ബന്ധുക്കൾക്കും വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ക്ഷേത്രപരിസരത്തും ദേവസ്വം കെട്ടിടങ്ങളിലുമായി ഒരുക്കിയിരുന്നു.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു വിവാഹസംഘത്തോടൊപ്പം പരമാവധി 25 പേർക്ക് മാത്രമാണ് പ്രവേശം അനുവദിച്ചത്. ക്യൂവിൽ നിൽക്കുന്നവർക്ക് കൃത്യമായ സമയം നൽകി മണ്ഡപങ്ങളിൽ കയറ്റി ഏതാനും മിനിറ്റുകൾക്കുള്ളിൽതന്നെ ചടങ്ങുകൾ പൂർത്തിയാക്കി.