റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേർ റേഷൻ കാർഡിനു പുറത്തേക്ക്
ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് പുറത്തേക്ക്. മസ്റ്ററിങ്ങിന് ഒട്ടേറെ അവസരം നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം.
ആലപ്പുഴ: ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് പുറത്തേക്ക്. മസ്റ്ററിങ്ങിന് ഒട്ടേറെ അവസരം നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവര്‍ക്ക് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. അതിനാല്‍, സമയപരിധി ഇനി നീട്ടി നല്‍കിയേക്കില്ലെന്നാണു വിവരം. നവംബര്‍ 30-നു സമയപരിധി തീരും.
മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 11,36,315 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. അതില്‍ 9,75,880 പേര്‍ മസ്റ്ററിങ് നടത്തി. 1,60,435 പേരാണ് ഇനി ബാക്കി. ഇതരസംസ്ഥാനത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.
മസ്റ്ററിങ് നടത്താന്‍ കഴിയാത്ത ജീവിച്ചിരിക്കുന്നര്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. അവരെ മാറ്റിനിര്‍ത്തിയാകും റേഷന്‍ കാര്‍ഡില്‍നിന്ന് മസ്റ്ററിങ് നടത്താത്തവരുടെ പേരുനീക്കുകയെന്നാണു വിവരം.
വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡില്‍നിന്ന് നീക്കില്ല. പകരം അവരുടെ ഭക്ഷ്യധാന്യ വിഹിതം നിര്‍ത്തലാക്കും. ഇതര സംസ്ഥാനത്തുള്ളവര്‍ക്ക് അതത് സംസ്ഥാനത്ത് മസ്റ്ററിങ് നടത്താന്‍ സൗകര്യമുണ്ടായിരുന്നു. അതിനാല്‍, അത് പ്രയോജനപ്പെടുത്താത്തവരുടെ കാര്യത്തില്‍ എന്തുനടപടി വേണമെന്ന് ഉടന്‍ തീരുമാനമുണ്ടാകും.