രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് ; കൂട്ടുപ്രതി ജോബിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ് 

 

പത്തനംതിട്ട : പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസിൽ ഒളിവിലുള്ള കൂട്ടുപ്രതി ജോബിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പത്തനംതിട്ട മൈലപ്രയിലുള്ള ജോബിയുടെ സുഹൃത്ത് അജീഷിന്റെ വീട്ടിൽ പ്രത്യേക പോലീസ് സംഘം എത്തി പരിശോധന നടത്തി. ജോബിയുടെ ഫോൺ സ്വിച്ച് ഓഫ് ആകും മുമ്പ് അവസാനമായി വിളിച്ചത് അജീഷിനെയാണ്.

പോലീസ് സംഘം അജീഷിന് നോട്ടീസ് നൽകി. നാളെ (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. രാഹുലിന്റെയും ജോബിയുടെയും മറ്റ് സുഹൃത്തുക്കളുടെ വീടുകളിലും പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറിൽ നിന്ന് പോലീസ് മൊഴിയെടുത്തു. രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ചാണ് വിവരശേഖരണം നടത്തുന്നതെന്ന് പോലീസ് സംഘം അറിയിച്ചു. നേരത്തെ, രാഹുലിനെ അന്വേഷിച്ച് പോലീസ് സംഘം അടൂരിലെ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഫെന്നി അടൂർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു.