അമ്മ സംഘടനയിലെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി

ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു

 

നിയമപോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അംഗത്വത്തില്‍ നിന്നുപോലും രാജി പ്രഖ്യാപിച്ച ഒരാളുടെ ഹര്‍ജിയില്‍ എങ്ങനെയാണ് സ്റ്റേ വരുന്നതെന്ന് തനിക്ക് വേണമെങ്കില്‍ ചോദിക്കാമെന്നും എന്നാല്‍ അത്തരം നിയമപോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അമ്മ സംഘടനയുടെ ജനറല്‍ ബോഡി ദിവസം ഒരു ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന എല്ലാ ഭാരവാഹികളും രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. സംഘടനയില്‍ നിന്നുതന്നെ രാജിവയ്ക്കുകയാണ് എന്ന് പ്രസിഡന്റ് മാധ്യമങ്ങളോടും അവിടെയുണ്ടായിരുന്ന അംഗങ്ങളോടും പറഞ്ഞപ്പോള്‍ ജഗദീഷേട്ടനെ അധ്യക്ഷനാക്കി താല്‍ക്കാലിക യോഗം ചേര്‍ന്നു. അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കേണ്ട ഘട്ടമുണ്ടായി എന്നും കണ്‍വീനര്‍ ആകാമോ എന്നും എന്നെ വിളിച്ച് ചോദിച്ചു. ഞാന്‍ നില്‍ക്കാമെന്ന് പറഞ്ഞു. കണ്‍വീനര്‍ക്ക്് ഒരു മീറ്റിംഗ് വിളിച്ചുകൂട്ടാനോ മറ്റ് കാര്യങ്ങള്‍ ചെയ്യാനോ അധികാരമില്ല എന്ന നിലയ്ക്കാണ് കോടതി സ്റ്റേ വന്നിരിക്കുന്നത്. കമ്മിറ്റി പറഞ്ഞു. ഞാന്‍ കണ്‍വീനറായി. കോടതി പറഞ്ഞു, ഞാന്‍ മാറുന്നു. കോടതി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് എന്റെ ധാര്‍മ്മിക ഉത്തരവാദിത്വം കൂടി കണക്കിലെടുത്ത് ഇതില്‍ കടിച്ചുതൂങ്ങണം എന്ന് എനിക്കാഗ്രമില്ല. ഞാനും രാജിവയ്ക്കുകയാണ്': രമേഷ് പിഷാരടി പറഞ്ഞു.