രമേഷ് പിഷാരടി താങ്കളിൽ പ്രതീക്ഷയുണ്ട് , മിടുക്കനായ നിയമസഭാംഗമായി തുടരുക,വെറുതെ സിനിമയിൽ തലവച്ച് അപമാനിതനാവരുത് :  പ്രൊഡക്ഷൻ കൺടോളർ ഷാജി പട്ടിക്കര

നടനും സംവിധായകനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടിക്ക് സിനിമയിൽ നിന്ന് താല്ക്കാലികമായി വിട്ടുനിൽക്കാൻ അഭ്യർത്ഥിച്ച് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ തുറന്ന കത്ത്.'

 

തിരുവനന്തപുരം: നടനും സംവിധായകനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടിക്ക് സിനിമയിൽ നിന്ന് താല്ക്കാലികമായി വിട്ടുനിൽക്കാൻ അഭ്യർത്ഥിച്ച് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ തുറന്ന കത്ത്.'അമ്മ' സംഘടനയിലെ വിവാദ പശ്ചാത്തലത്തിൽ ഉണ്ടായ ഓഡിയോ ചോർച്ചയും രാജിയും ചൂണ്ടിക്കാണിച്ചാണ്, പിഷാരടിക്ക് രാഷ്ട്രീയത്തിൽ വലിയ ഭാവിയുണ്ടെന്നും സിനിമയിലെ ഇടപെടലുകൾ വഴി അപമാനിതനാകരുതെന്നും ഷാജി പട്ടിക്കര പറഞ്ഞു.

കത്ത്ത്തിന്റെ പൂർണരൂപം

പ്രിയപ്പെട്ട രമേഷ് പിഷാരടിക്ക്
ഒരു തുറന്ന കത്ത് ,
പ്രിയ സുഹൃത്തേ ,

പാലക്കാടിന്റെ മണ്ണിൽ നിന്ന് ആ നാടിന്റെ വികസന വിഥീയിൽ ശക്തമായി മുന്നേറാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
കേരള നിയമസഭയിൽ താങ്കൾക്ക് അംഗമാകാൻ കഴിഞ്ഞതിൽ ഞാൻ വ്യക്തിപരമായി ഏറെ സന്തോഷിക്കുന്നു. നിയമസഭാംഗമായി  സത്യപ്രതിജ്ഞ ചെയ്ത ശേഷം താങ്കൾ  സ്വീകരിച്ച നിലപാടുകൾ സ്വാഗാതാർഹമാണ്. അഭിമാനം തോന്നിയ നിമിഷമാണ്. ഒരു എം എൽ എ എന്ന നിലയിൽ അഞ്ച് വർഷം പൂർണ്ണമായും മണ്ഡലത്തിൽ പ്രവർത്തിക്കും. താമസം പാലക്കാട് തന്നെയാകും. എന്നു താങ്കൾ പറഞ്ഞിരുന്നു, പക്ഷേ അതിലു പ്രതീക്ഷ നല്കിയ ഒരു വാഗ്ദാനം താങ്കൾ പാലക്കാട് ജനതക്ക് നല്കി. എം എൽ എ ആയിരിക്കുന്ന 5 വർഷം സിനിമാ ടെലിവിഷൻ രംഗത്ത് നിന്ന് വിട്ട് നില്ക്കും എന്ന് പറഞ്ഞിരുന്നു. സിനിമ രംഗത്ത് സംവിധാനം, അഭിനയം, ചാനൽ പരിപാടികൾ ഒന്നും ചെയ്യില്ല , എന്നാണ് പറഞ്ഞത്. മലയാള സിനിമ ലോകവും, കേരള ജനതയും താങ്കളുടെ ഈ നിലപാടിനെ ഹൃദയത്തിൽ സ്വീകരിച്ചു.
എന്നാൽ താങ്കൾ ആ നിലപാടിൽ നിന്ന് മാറിയതായ് തോന്നുന്നു.

താങ്കൾ  എം എൽ എ ആയി മികച്ച പ്രകടനം കാഴ്ച വച്ച് പ്രവർത്തിക്കുന്ന ഈ സാഹചര്യത്തിൽ, താര സംഘടനയായ 'അമ്മ' യിൽ ഇടക്കാല ഭരണത്തിനായി രൂപികരിച്ച അഡ് ഹോക്ക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനം സ്വീകരിക്കാൻ പാടില്ലായിരുന്നു. പ്രത്യേകിച്ച് 'അമ്മ' വിവാദപരമായ സാഹചര്യത്തിൽ കടന്നുപോവുമ്പോൾ താങ്കൾ കൺവീനർ പദവി എടുക്കാൻ പാടില്ലായിരുന്നു. എന്നാൽ ഇപ്പോൾ താങ്കൾ അപമാനിതനായി ആ പദവി രാജിഒഴിയേണ്ടി വന്നിരിക്കുന്നു. താങ്കൾ അമ്മ പ്രസിസന്റ് ശ്വേതാ മേനോനുമായി സംസാരിച്ച സ്വകാര്യ ഫോൺ സംഭാഷണ ഓഡിയോ പുറത്തു വന്നു, മാധ്യമങ്ങൾ അത് വാർത്തയാക്കി. ഇതെല്ലാം താങ്കൾക്ക് ഒഴിവാക്കാമായിരുന്നു. നല്ല സംവിധായകനും , നടനും , ചാനൽ അവതാരകനുമായ താങ്കൾ നല്ലയൊരു മനുഷ്യ സ്നേഹിയുമാണ്. ഈ അഞ്ച് വർഷം താങ്കൾ എം എൽ എ എന്ന നിലയിൽ മികച്ച വികസന പ്രവർത്തനങ്ങൾ നടത്തുക, താങ്കൾക്ക് രാഷ്ടീയത്തിൽ നല്ലയൊരു ഭാവിയുണ്ട്. ജനങ്ങൾ ആ പ്രതീക്ഷയിലാണ് താൽക്കാലം താങ്കളുടെ നിലപാട് പോലെ സിനിമയിൽ നിന്ന് വിട്ട് നില്ക്കുക. അതാണ് നല്ലത്.ഇത് ഒരു ഉപദേശമല്ല.താങ്കളെ സ്നേഹിക്കുന്നഒരു സിനിമ പ്രവർത്തന്റെ
സ്നേഹത്തോടെയുള്ള അഭിപ്രായമാണ്

സസ്നേഹം
ഷാജി പട്ടിക്കര
(പ്രൊഡക്ഷൻ കൺട്രോളർ)