രമേശ് ചെന്നിത്തലയുടെ തുഗ്ലക്ക് പരാമര്‍ശം: വെറുമൊരു ശൈലിയായി സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല: മന്ത്രി വി ശിവന്‍കുട്ടി
യഥാര്‍ത്ഥ മതേതരത്വമെന്നത് വാക്കുകളിലും പ്രയോഗങ്ങളിലും പുലര്‍ത്തേണ്ട സൂക്ഷ്മത കൂടിയാണ്. രാഷ്ട്രീയമായ വിയോജിപ്പുകളും വിമര്‍ശനങ്ങളും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.
മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പേര് മാത്രം കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിലെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനം തിരിച്ചറിയുന്നുണ്ട്.
പാഠപുസ്തക വിതരണം നേരത്തെ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌കാരമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരി എന്ന അര്‍ത്ഥത്തിലാണ് 'തുഗ്ലക്ക്' എന്ന പേര് അദ്ദേഹം ഉപയോഗിച്ചതെങ്കില്‍ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സമീപകാല ചരിത്രത്തില്‍ തന്നെ ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങള്‍ എടുത്ത ഭരണാധികാരികള്‍ നിരവധിയാണ്. പരാജയപ്പെട്ട തീരുമാനങ്ങള്‍ എടുത്തവരില്‍ കോണ്‍ഗ്രസ്, ബിജെപി പ്രധാനമന്ത്രിമാര്‍ അടക്കം പലരുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പേര് മാത്രം കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിലെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനം തിരിച്ചറിയുന്നുണ്ട്. ഇതിനെ വെറുമൊരു ശൈലി'യായി കണ്ട് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ലയെന്നും മന്ത്രി പറഞ്ഞു. യഥാര്‍ത്ഥ മതേതരത്വമെന്നത് വാക്കുകളിലും പ്രയോഗങ്ങളിലും പുലര്‍ത്തേണ്ട സൂക്ഷ്മത കൂടിയാണ്. രാഷ്ട്രീയമായ വിയോജിപ്പുകളും വിമര്‍ശനങ്ങളും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. എന്നാല്‍ ആ വിമര്‍ശനത്തിന് ഉപയോഗിക്കുന്ന പ്രയോഗങ്ങളില്‍ പോലും ബോധപൂര്‍വ്വം ചില പേരുകള്‍ തിരുകിക്കയറ്റുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.