ആശമാർക്ക് ജീവിക്കാനുള്ള ശമ്പളം കിട്ടാത്തിടത്തോളം വനിതാദിനം പൂര്‍ണമാകില്ല : രമേശ് ചെന്നിത്തല
ജീവിക്കാനുള്ള ശമ്പളം വേണമെന്നാവശ്യപ്പെട്ട് ഒരു മാസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാത്തിടത്തോളം കാലം വനിതാദിനം പൂര്‍ണമാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
തിരുവനന്തപുരം: ജീവിക്കാനുള്ള ശമ്പളം വേണമെന്നാവശ്യപ്പെട്ട് ഒരു മാസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാത്തിടത്തോളം കാലം വനിതാദിനം പൂര്‍ണമാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. അവര്‍ അര്‍ഹിക്കുന്നതു കിട്ടുന്നതു വരെ കേരള ജനത അവര്‍ക്കൊപ്പമുണ്ടാകുമെന്ന് അന്താരാഷ്ട്ര വനിതാദിനത്തിൽ ചെന്നിത്തല സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഏറ്റവും അണ്‍സ്‌കില്‍ഡ് എന്നു വിശേഷിപ്പിക്കുന്ന ജോലികള്‍ക്കു പോലും 900-1000 രൂപ ദിവസക്കൂലിയുള്ള കേരളത്തില്‍ വെറും 232 രൂപ മാത്രം ദിവസവേതനം വാങ്ങി നമ്മുടെ ആരോഗ്യരംഗത്തെ കോട്ടകെട്ടി കാവല്‍ നില്‍ക്കുന്ന ഒരു സംഘം മാലാഖമാരുണ്ട്, കേരളത്തിന്റെ ഏറെ ഘോഷിക്കപ്പെടുന്ന ആരോഗ്യരംഗത്തിന്റെ കാലാള്‍പ്പട - ആശാവര്‍ക്കര്‍മാര്‍. ഒരു മാസമായി വേതനവര്‍ധനവിനായി അവര്‍ സമരരംഗത്താണ്. കോവിഡ് കാലത്ത് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് ഒരു ജനതയെ സംരക്ഷിച്ചവർ ഇന്ന് ഒരിത്തിരി ശമ്പള വര്‍ധനവിന് വേണ്ടി സമരം ചെയ്യുന്നു. അവരാണ് ഈ സര്‍ക്കാരിന്റെയും ഭരണമുന്നണിയുടേയും അധിക്ഷേപ വാക്കുകള്‍ കേള്‍ക്കുന്നത്. അവര്‍ക്ക് നീതി ലഭിക്കാത്തിടത്തോളം കാലം ഈ വനിതാദിനാചരണം പൂര്‍ണഅര്‍ഥം കൈവരിക്കുമെന്നു വിശ്വസിക്കുന്നില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
സ്ത്രീകളുടെ സമരത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നും അവരെ ഭയപ്പെടുത്തി ഓടിക്കാമെന്നും അവരുടെ തൊഴില്‍ നഷ്ടപ്പെടുത്തി പീഢിപ്പിക്കാമെന്നും ഭരണവര്‍ഗം സ്വപ്‌നം കാണുന്നുണ്ട്. പക്ഷേ അതു വെറുതെയാണ്. ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.