'ആഭ്യന്തരവകുപ്പിൽ എന്ത് നടന്നാലും ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ, കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രി' ; ഗർഭിണിയെ സിഐ അടിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല
കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. സിഐയെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും പിണറായി ഭരണത്തിൽ എന്തും ചെയ്യാമെന്ന അഹന്തയാണ് പൊലീസിനെ നയിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനമാണ് ചെന്നിത്തല അഴിച്ചുവിട്ടത്. ആഭ്യന്തരവകുപ്പിൽ എന്ത് നടന്നാലും ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയൻ. പൊലീസ് സ്റ്റേഷനിൽ നീതി തേടിയെടുത്തുന്ന സ്ത്രീകളെ ഇത്തരത്തിൽ മർദിക്കുന്ന സ്വഭാവം പ്രാകൃത സമൂഹങ്ങളിൽ പോലും കാണാനാകില്ല. എന്തും ചെയ്യാമെന്ന അഹന്തയാണ് പിണറായി ഭരണത്തിൽ പൊലീസിനുള്ളത്. സിപിഐഎം നേതാക്കൾക്കാണ് സ്റ്റേഷനുകളിലെ നിയമനാധികാരം. ക്രിമിനലുകളെ കുത്തിനിറക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതമാണിതെന്നും ചെന്നിത്തല ആഞ്ഞടിച്ചു.