സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം നേതാക്കൾ നടത്തുന്ന ദുഷ്പ്രചാരണം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ്‌ കമ്മറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 


തിരുവനന്തപുരം:സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം നേതാക്കൾ നടത്തുന്ന ദുഷ്പ്രചാരണം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ്‌ കമ്മറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഹർകിഷൻസിംഗ് സുർജിത്ത് മുതൽ സീതാറാം യെച്ചൂരിവരയെുള്ള സിപിഎമ്മിന്റെ ദേശീയ നേതാക്കൾ വളരെ ബഹൂമാനത്തോടെയും ആദരവോടെയും കണ്ട നേതാവാണ് സോണിയാഗാന്ധി. 2004 ലെ ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കുമ്പോൽ സോണിയാഗാന്ധിക്ക് പിന്തുണയുമായി ആദ്യം മുന്നോട്ട് വന്നത് അന്നത്തെ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജ്ജിത്തായിരുന്നു. പിന്നീട് സീതാറാം യെച്ചൂരി സോണിയാഗാന്ധിയുമായും രാഹുൽഗാന്ധിയുമായും വളരെ അടുപ്പും പുലർത്തുകയും ചെയ്തു.

ബിജെപിയെയും സംഘപരിവാറിനെയും നാണിപ്പിക്കുന്ന വിധത്തിലാണ് സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം ദുഷ്പ്രചാരണം നടത്തുന്നത്. സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എംഎ ബേബി തന്നെ ഇക്കാര്യത്തിൽ തനിക്കുള്ള അതൃപ്തി കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷെ ബേബിയെപ്പോലും അവഗണിച്ചുകൊണ്ടാണ് വി ശിവൻകുട്ടിയടക്കമുള്ള കേരളത്തിലെ സിപിഎം നേതാക്കൾ സോണിയാഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ വികൃതമായ സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ സോണിയാഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. രക്തസാക്ഷി ഫണ്ടു പോലും കൊള്ളയടിക്കുന്ന സിപിഎം നേതാക്കളുടെ തനി നിറം പുറത്തായപ്പോൾ അതിൽ നിന്നൊക്കെ തലയൂരാനുള്ള മാർഗമായി ഇത്തരം ദുഷ്പ്രചാരണങ്ങളെ സിപിഎം ഉപയോഗിക്കുകയാണ്.

സോണിയാഗാന്ധി കോൺഗ്രസിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ നേതാവാണ്. രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ്. അവരെ ചെളിവാരിയെറിഞ്ഞു രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സിപിഎം നേതൃത്വം ശ്രമിച്ചാൽ കോൺഗ്രസ് പാർട്ടി കയ്യും കെട്ടി നോക്കിയിരിക്കില്ല. നെഹ്റു കുടുംബം കോൺഗ്രസിന്റെ രക്തത്തിന്റെ ഭാഗമാണ്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച രാജീവ് ഗാന്ധിയുടെ സഹധർമ്മിണിക്കെതിരെ രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളുമായി സിപിഎം ഇറങ്ങിയാൽ ജനങ്ങൾ അതിന് ചുട്ടമറുപടി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു