ലഹരി വ്യാപനത്തിനെതിരെ കർശന നടപടി: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ലഹരിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലഹരി വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഉടൻ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതുണ്ടെന്നും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ നിയോജക മണ്ഡലം തല ലഹരി വിരുദ്ധ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

കണ്ണൂർ : ലഹരിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലഹരി വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഉടൻ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതുണ്ടെന്നും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ നിയോജക മണ്ഡലം തല ലഹരി വിരുദ്ധ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

യുവാക്കൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായ്മകൾ എല്ലാം വ്യാജ മദ്യത്തിന്റെയും ലഹരിയുടേയും ഉൽപാദനവും വിതരണവും തടയാൻ ഒന്നിച്ചു നിൽക്കണം. കുടുംബങ്ങളിൽ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണം. ലഹരി ഉപയോഗം സംബന്ധിച്ച് സംശയം തോന്നിയാൽ മറച്ചുവെക്കാതെ അധികൃതരെ വിവരമറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ജില്ലയിൽ എക്സസൈസ് വകുപ്പ് പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി എക്സൈസ് സിഐ പി.പി ജനാർദ്ദനൻ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഏതു സമയവും പരിശോധന നടത്തുന്നുണ്ട്. അതിർത്തി പങ്കിടുന്ന ഇരിട്ടി, തലശ്ശേരി അതിർത്തികളിൽ പട്രോളിങ് ടീമുകൾ ഉണ്ട്.

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നിരന്തര പരിശോധനയുണ്ട്. റെയ്ഡുകൾ വർധിപ്പിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്ന് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പറഞ്ഞു. കുട്ടികൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും പ്രാദേശിക തലത്തിൽ സമിതികൾ രൂപീകരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രിവന്റീവ് ഓഫീസർ കെ. നിസാർ, നെഹ്റുയുവകേന്ദ്ര, വിമുക്തി, രാഷ്ട്രീയ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.