പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല,  ശോഭ കേരള രാഷ്ട്രീയത്തിന് അപമാനം : രാജ്മോഹൻ ഉണ്ണിത്താൻ എം.പി

ശോഭ സുരേന്ദ്രനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വിഡിയോ എടുത്ത്

 

കോഴിക്കോട് : ശോഭ സുരേന്ദ്രനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വിഡിയോ എടുത്ത് പുറത്തുവിട്ട യുവാക്കൾക്ക്‌ സമൂഹികമാധ്യമ അവാർഡ് കൊടുക്കണം. പണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും ശോഭയെ അയോഗ്യയാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പടനക്കാട് എസ്.എൻ.എ.യു.പി.എസ് ബൂത്ത് 209ലാണ് രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്യാനെത്തിയത്. പാലക്കാട് ശോഭ സുരേന്ദ്രൻ വോട്ടിന് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.

പാലക്കാട്ട് നിശബ്ദ പ്രചാരണ ദിവസത്തിൽ വോട്ടിന് വേണ്ടി പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങൾക്കുമുന്നിൽ ഉത്തരംമുട്ടി എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും ബി.ജെ.പിയും. സംഭവം വൻവിവാദമായതോടെ പ്രതിരോധിക്കാനായി വാർത്താസമ്മേളനം വിളിച്ച ശോഭാ സുരേന്ദ്രനും ബി.ജെ.പി പാലക്കാട് ജില്ല പ്രസിഡൻറ് പ്രശാന്ത് ശിവനും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനായില്ല.

പുറത്തുവന്ന ദൃശ്യങ്ങളും ആരോപണങ്ങളും ഉണ്ടയില്ലാ വെടിയാണ് എന്നായിരുന്നു ശോഭാ സുരേന്ദ്രൻറെ ന്യായീകരണം. ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകർ മൂന്നുദിവസമായി തന്നെ പിന്തുടരുന്നുണ്ടെന്ന് ആരോപിച്ച ശോഭ യുവാക്കൾക്കെതിരേ ലൈംഗിക അധിക്ഷേപ ആരോപണം ഉന്നയിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. കോൺഗ്രസ് പ്രവർത്തകൻ വിനേഷ് സർഗയുടെ കൂടെയുയുണ്ടായിരുന്ന യുവാവ് നിരവധി തവണ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും താൻ കാറിൽ നിന്നിറങ്ങി അത് ചോദ്യം ചെയ്യുകയായിരുന്നു എന്നും ശോഭ ആരോപിച്ചു. പൊലീസിന് പരാതി നൽകിയോ എന്ന് ചോദിച്ചപ്പോൾ ഇതുസംബന്ധിച്ച് പൊലീസിന് മെയിൽ അയച്ചിട്ടുണ്ടെന്നും നേരിട്ടു പരാതി നൽകുമെന്നും ശോഭ പറഞ്ഞു.

പണം കൊടുത്തതായി ദൃശ്യത്തിലുള്ള, ശോഭയുടെ കാറിൽ ഇരുന്ന വെള്ള ചുരിദാറിട്ട സ്ത്രീ ആരാണ് എന്ന ചോദ്യത്തിനും അവർക്ക് മറുപടിയുണ്ടായിരുന്നില്ല. തൻറെ കാറിൽ അങ്ങിനെ ഒരാൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. ശോഭയുടെ കാറിൽ സ്ത്രീയുടെ ദൃശ്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അവരുടെ മുഖമെവിടെ എന്നായി മറുചോദ്യം. പിടിച്ചുനിൽക്കാനാവാതെ, വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത മീഡിയാവൺ റിപ്പോട്ടറെ പൊലീസ് ചോദ്യം ചെയ്യണമെന്നായി പിന്നെ ശോഭാ സുരേന്ദ്രൻ. മാധ്യമപ്രവർത്തകൻറെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ശോഭ പറഞ്ഞു.

ശോഭാ സുരേന്ദ്രൻ അടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ സംഘതത്തിലെ വെള്ള ചുരിദാറിട്ട സ്ത്രീ വയോധികക്ക് 500ൻറെ നോട്ടുകൾ നൽകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇവർ ശോഭയുടെ കാറിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തുന്ന കോൺഗ്രസ് പ്രവർത്തകരെ ശോഭ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പണം നൽകുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നത് വൻ വിവാദത്തിന് തിരികൊളുത്തിരിയിക്കുകയാണ്. പൈസ കൊടുത്ത് പാലക്കാടിനെയും അവിടെയുള്ള വോട്ടുകളെയും വാങ്ങാൻ കഴിയില്ലെന്നും പാലക്കാട്ടെ ജനങ്ങൾ ബി.ജെ.പിയെയും അവരുടെ പൈസയെയും തള്ളിക്കളയുമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പണത്തെയും തിരസ്‌കരിക്കുമെന്നത് തീർച്ചയാണ്. രണ്ടിന്റെയും മുൻപിൽ പാലക്കാട്ടെ ജനങ്ങൾ ആത്മാഭിമാനം പണയം വെക്കുമെന്ന് ഞാൻ കരുതുന്നില്ല. ബിജെപിയുടെ പരീക്ഷണങ്ങൾക്ക് നിന്നുകൊടുക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ പോലെയല്ല പാലക്കാടെന്ന് അവർ മനസിലാക്കണം. നമ്മൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിലൂടെയും അവർക്ക് നൽകുന്ന സ്‌നേഹത്തിലൂടെയുമാണ് പാലക്കാട്ടെ ജനങ്ങൾ കൂടെ നിൽക്കുകയെന്നും എം.പി പറഞ്ഞു.