ലഹരി യുവതയെ വേട്ടയാടുന്ന വിപത്ത്; ചെറുക്കാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണം': രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ വിദ്യാർത്ഥികളെയും യുവജനങ്ങളെയും വേട്ടയാടുന്ന വിപത്താണ് ലഹരിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. നാശാ മുക്ത് ഭാരത് അഭിയാന്റെ (NMBA) ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പും ജില്ലാ പൊലീസും സംയുക്തമായി സംഘടിപ്പിച്ച 'ഐ ആം എ തൂഫാൻ വാരിയർ' ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകയായിരുന്നു അദ്ദേഹം
കാസർഗോട് : രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ വിദ്യാർത്ഥികളെയും യുവജനങ്ങളെയും വേട്ടയാടുന്ന വിപത്താണ് ലഹരിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. നാശാ മുക്ത് ഭാരത് അഭിയാന്റെ (NMBA) ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പും ജില്ലാ പൊലീസും സംയുക്തമായി സംഘടിപ്പിച്ച 'ഐ ആം എ തൂഫാൻ വാരിയർ' ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെയുള്ള പോരാട്ടം പൊലീസിന്റെയോ എക്‌സൈസിന്റെയോ മാത്രം ചുമതലയല്ലെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇതിന്റെ ഭാഗമാകണമെന്നും എം.പി ഓർമ്മിപ്പിച്ചു. ആഭ്യന്തരവകുപ്പിന്റെ 'ഓപ്പറേഷൻ തൂഫാൻ' വഴി 10 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാനും മൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചതായും എം.പി പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിൽ ചൈന ഒപ്പിയം വാറിലൂടെ ലഹരി മാഫിയയ്ക്ക് മറുപടി നൽകിയതുപോലെ, 'തൂഫാനി'ലൂടെ നമുക്കും ഈ വിപത്തിനെ തുടച്ചുനീക്കാൻ സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മയക്കുമരുന്ന് വേട്ടയ്ക്ക് തുടക്കം കുറിച്ച ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ലഹരിവിരുദ്ധ ദൗത്യങ്ങൾ വിജയകരമാക്കാൻ വിദ്യാർത്ഥികളാണ് മുന്നിൽ നിൽക്കേണ്ടതെന്നും ചടങ്ങിൽ സംസാരിച്ച കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു. ലഹരി മാഫിയയുടെ തായ്വേര് പിഴുതെറിയാൻ ജില്ലാ പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വ്യക്തമാക്കി.
ജനപ്രതിനിധികളുടെ സന്ദേശത്തിന് ശേഷം നടന്ന 'സൈലന്റ് സെഷനിൽ' കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക എം. തുഷാര, ലഹരി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ നേർച്ചിത്രം കുട്ടികളുടെ ഹൃദയത്തിൽ സ്പർശിക്കും വിധം അവതരിപ്പിച്ചു. തുടർന്ന് എ.എസ്.പി അച്യുത് അശോക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ദീപശിഖാ പ്രയാണത്തിൽ, ജില്ലാ പൊലീസ് മേധാവി ആർ.നിധിൻ രാജ് കൊളുത്തി നൽകിയ തൂഫാൻ ദീപശിഖ അത്ലറ്റുകൾ ഏറ്റുവാങ്ങി സ്റ്റേഡിയം വലംവെച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദീപശിഖ ഏറ്റുവാങ്ങി മൈതാന മധ്യത്തിൽ സ്ഥാപിച്ചു. തുടർന്ന് നടന്ന 'റിയാലിറ്റി സെക്ഷൻ' ശ്രദ്ധേയമായി. ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ ഗ്രൗണ്ടിൽ അണിനിരന്ന കുട്ടികളോട് ലഹരിക്ക് മുൻപിൽ സ്വപ്നങ്ങൾ തകർക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന് വിദ്യാർത്ഥികൾ ഉറക്കെ മറുപടി നൽകി. ജീവിതവും പുസ്തകങ്ങളും ഫുട്‌ബോളുമാണ് തങ്ങളുടെ യഥാർത്ഥ ലഹരിയെന്ന് കുട്ടികൾ ഒരേസ്വരത്തിൽ പ്രഖ്യാപിച്ചു.