'രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ സര്‍ട്ടിഫിക്കറ്റ് തോന്ന്യാസം അല്ലാത്തത് കൊണ്ടാകും ഡിലീറ്റ് ചെയ്യാത്തത്' : കെ മുരളീധരനെതിരെ വിമര്‍ശനവുമായി വീണാ ജോർജ്

മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരള സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്തതില്‍ കെ മുരളീധരന്‍ നടത്തിയ പ്രസ്താവനയിലാണ് വീണാ ജോര്‍ജ് പ്രതികരിച്ചത്.

 

 തിരുവനന്തപുരം : മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരള സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്തതില്‍ കെ മുരളീധരന്‍ നടത്തിയ പ്രസ്താവനയിലാണ് വീണാ ജോര്‍ജ് പ്രതികരിച്ചത്. തോന്ന്യാസം കാണിച്ചാല്‍ മെറ്റാ നീക്കം ചെയ്യുമെന്ന് മന്ത്രി കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞതിന് മറുപടിയായാണ് വീണാ ജോര്‍ജ് പ്രതികരിച്ചത്.

'രാജ്മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് തോന്ന്യാസം അല്ലാത്തത് കൊണ്ടാണാല്ലേ ഇപ്പോഴും ഡീലീറ്റ് ചെയ്യാത്തത്' എന്നാണ് വീണാ ജോര്‍ജിന്റെ പ്രതികരണം. ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് വീണാ ജോര്‍ജ് രംഗത്തെത്തിയത്. നീക്കം ചെയ്ത മാധ്യമ വാര്‍ത്തകള്‍ വീണാ ജോർജ് പങ്കുവെച്ചിരുന്നു . റിപ്പോര്‍ട്ടര്‍ ടി വി, കൈരളി, ദേശാഭിമാനി, ന്യൂസ് മലയാളം എന്നീ മാധ്യമങ്ങളുടെ നീക്കം ചെയ്ത കാര്‍ഡുകളാണ് പങ്കുവെച്ചത്.

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത മെറ്റ നീക്കിയ നടപടിയില്‍ താന്ന്യാസം കാണിച്ചാല്‍ മെറ്റാ നീക്കം ചെയ്യുമെന്ന് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു.സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്യുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മുരളീധരന്റെ മറുപടി.

മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ക്ക് മാത്രമല്ല, സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്ന വാര്‍ത്തകള്‍ക്കും സമാന നിയന്ത്രണം നേരിടുന്നുണ്ട്. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്‍ന്റെ മകള്‍ ജിജിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വാര്‍ത്തയും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

തോന്ന്യാസം കാണിച്ചാൽ മെറ്റാ നീക്കം ചെയ്യും എന്ന് കെ .മുരളീധരൻ . രാജ്‌മോഹൻ ഉണ്ണിത്താൻ നൽകിയ സർട്ടിഫിക്കറ്റ് തോന്ന്യാസം അല്ലാത്തത് കൊണ്ടാകും ഇപ്പോഴും ഡീലീറ്റ് ചെയ്യാത്തത് അല്ലേ ശ്രീമാൻ മുരളീധരാ ?