രാഹുൽ ഗാന്ധി അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചാൽ ബംഗ്ലാദേശിൽ പോകണമെന്ന് രാജീവ് ചന്ദ്രശേഖർ; രാഷ്ട്രപതിയെ കാണും
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബംഗ്ലാദേശിൽ പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് രാഷ്ട്രീയം കളിക്കട്ടെ എന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബംഗ്ലാദേശിൽ പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് രാഷ്ട്രീയം കളിക്കട്ടെ എന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം വിമർശിച്ചു.
രാഹുൽ ഗാന്ധിയുടെ അത്തരം സ്വപ്നങ്ങൾ ഇന്ത്യയിൽ നടക്കാൻ പോകുന്നില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ബിജെപിയും 140 കോടി ജനങ്ങളുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 2014-ലും 2019-ലും ജനങ്ങൾ തോൽപ്പിച്ച രാഹുൽ ഗാന്ധി, 2024-ൽ നുണപ്രചാരണം നടത്തിയിട്ടും പരാജയപ്പെടുകയാണ് ഉണ്ടായത്. ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാൻ കോൺഗ്രസിന് ഇനി കഴിയില്ലെന്ന സന്ദേശം വളരെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും കോൺഗ്രസിന് വോട്ട് ചെയ്യില്ലെന്നും, അതിനാൽ നുണകൾ പ്രചരിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം, കേരളത്തിൽ യുവാക്കളെ വഞ്ചിച്ച പിഎസ് സി പരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എംപിമാരായ സി. സദാനന്ദൻ, പി.ടി. ഉഷ എന്നിവരടങ്ങുന്ന സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണും. ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്.