രാജരാജവര്‍മ്മയുടെ നിലപാട് പന്തളം കൊട്ടാരത്തിന്റെ നിലപാടല്ല: പന്തളം കൊട്ടാരം നിര്‍വാഹകസംഘം

തന്ത്രിയെ നിയമിക്കാനും മാറ്റാനുമുള്ള അധികാരം ദേവസ്വം ബോര്‍ഡിന് ഉണ്ട് എന്നായിരുന്നു രാജരാജവര്‍മ്മയുടെ നിലപാട്.

 

പന്തളം കൊട്ടാരത്തിന്റെ പൊതുവായ നിലപാട് അറിയിക്കേണ്ടത് വലിയ തമ്പുരാനും പന്തളം നിര്‍വാഹക സംഘവുമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവര്‍മ്മയുടെ നിലപാട് തള്ളി പന്തളം കൊട്ടാരം നിര്‍വാഹക സംഘം. രാജരാജവര്‍മ്മയുടെ നിലപാട് പന്തളം കൊട്ടാരത്തിന്റെ നിലപാടല്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ നിര്‍വാഹക സംഘം അറിയിച്ചു. രാജരാജവര്‍മ്മ മുന്നൂറോളം കുടുംബാംഗങ്ങളില്‍ ഒരാള്‍ മാത്രമാണ്. രാജരാജവര്‍മ്മയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും നിര്‍വാഹക സംഘം സെക്രട്ടറി സുരേഷ് വര്‍മ്മയും പ്രസിഡന്റ് പ്രദീപ് കുമാറും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പന്തളം കൊട്ടാരത്തിന്റെ പൊതുവായ നിലപാട് അറിയിക്കേണ്ടത് വലിയ തമ്പുരാനും പന്തളം നിര്‍വാഹക സംഘവുമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തന്ത്രിയെ നിയമിക്കാനും മാറ്റാനുമുള്ള അധികാരം ദേവസ്വം ബോര്‍ഡിന് ഉണ്ട് എന്നായിരുന്നു രാജരാജവര്‍മ്മയുടെ നിലപാട്. യോഗ്യതയുള്ളവരെ തന്ത്രിയായി നിയമിക്കാനുള്ള അധികാരം ബോര്‍ഡിനുണ്ടെന്നും സൂചിപ്പിക്കുന്ന കത്ത് രാജരാജവര്‍മ്മ ദേവസ്വം മന്ത്രി കെ മുരളീധരന് അയച്ചിരുന്നു.

തന്ത്രിയെ മാറ്റാനും നിയമിക്കാനും നിയമ തടസമില്ലെന്നും രാജരാജവര്‍മ്മ പറഞ്ഞു. അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ കാരാണ്മ സ്ഥാനം റദ്ദ് ചെയ്യാം. ഒന്നില്‍ കൂടുതല്‍ തന്ത്രിമാരെ വേണമെങ്കിലും ബോര്‍ഡിന് നിയമിക്കാം. ശബരിമല ക്ഷേത്രത്തില്‍ ദേവന്റെ പിതൃസ്ഥാനം തന്ത്രിക്കില്ല. ബിംബത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ചൈതന്യം നഷ്ടപ്പെടില്ല. ശബരിമലയില്‍ പുനഃപ്രതിഷ്ഠ നടത്തുന്ന തന്ത്രിക്ക് ദേവന്റ പിതൃസ്ഥാനം ലഭിക്കില്ല. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനാണ്. ട്രസ്റ്റി സ്ഥാനം സര്‍ക്കാരില്‍ നിലനില്‍ക്കും. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് വിട്ടു നല്‍കിയിട്ടില്ല. ക്ഷേത്രം ഒരുകാലത്തും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് സെറ്റില്‍മെന്റ് രജിസ്റ്റര്‍ വ്യക്തമാക്കുന്നുവെന്നും രാജരാജവര്‍മ്മ കത്തില്‍ പറഞ്ഞിരുന്നു.