റേഷൻ കടകളുടെ പ്രവർത്തനം കൂടുതൽ സേവനകേന്ദ്രമാക്കാൻ നീക്കം ; പെൻഷൻ വിതരണം ഉൾപ്പെടെ പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തനം കൂടുതൽ സേവനകേന്ദ്രമാക്കാൻ നീക്കം. ഗ്രാമീണ ബാങ്കിങ് സേവനങ്ങൾ കൂടി റേഷൻ കടകളിൽ ഏർപ്പെടുത്തുന്നതിൻ്റെ സാധ്യത സർക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇതുവഴി സാമൂഹിക സുരക്ഷ പെൻഷൻ, മറ്റു സർക്കാർ പെൻഷനുകൾ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവർക്ക് റേഷൻ കടയിൽ വന്ന് സ്വന്തം അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാൻ സാധിക്കും. നിലവിലുള്ള സി.എസ്.സി സേവനങ്ങൾ, എൽ.പി.ജി വിതരണം എന്നിവയും കൂടുതൽ വ്യാപിപ്പിക്കാൻ കഴിയുമെന്ന അഭിപ്രായം പരിശോധിക്കാനും മന്ത്രി നിർദേശം നൽകി.
റേഷൻ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. വെള്ള, നീല റേഷൻ കാർഡുകൾക്കുള്ള അരി വിഹിതം അഞ്ചുകിലോവരെ വർധിപ്പിക്കുന്നതും സർക്കാറിന്റെ പരിഗണനയിലാണ്. നിലവിലെ കുറഞ്ഞ വിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷൻ വാങ്ങുന്നില്ല. കൂടുതൽ അരി ലഭിച്ചാൽ ഇവരും റേഷൻ കടകളിൽ എത്തുമെന്നും അരിവില നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചില്ലറ റേഷൻ കടകളുടെ മിനിമം പ്രതിമാസ വിൽപന 45 ക്വിന്റലിൽ നിന്ന് 35 ആക്കാൻ റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. മുൻഗണനേതര കാർഡിനുള്ള വിഹിതം വർധിപ്പിക്കുന്നതോടെ കമീഷൻ കുറയുന്ന പ്രശ്നം പരിഹരിക്കാനാവും.
ചില്ലറ റേഷൻ വ്യാപാരികളുടെ വേതന വർധന പാക്കേജ് സംബന്ധിച്ച ഫയൽ ഉടൻ സർക്കാറിൻ്റെ പരിഗണനക്ക് വിടാൻ മന്ത്രി നിർദേശം നൽകി. സ്മാർട്ട് പി.ഡി.എസ് പൂർണമായി നടപ്പിൽവരുമ്പോൾ കാർഡ് ഉടമകൾക്ക് റേഷൻ വിതരണം നടത്തുന്ന സമയത്തു തന്നെ വേതനം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് കേന്ദ്ര സർക്കാറിന്റെ ഉറപ്പുണ്ട്. കെ സ്റ്റോർ പ്രവർത്തനം വിപുലപ്പെടുത്താനുള്ള പദ്ധതികൾ പരിഗണിക്കും. ഗ്രാമീണ ബാങ്ക് സേവനങ്ങൾ കൂടി റേഷൻകടകളിൽ ഏർപ്പെടുത്തുന്നതിൻ്റെ സാധ്യത പരിഗണനയിലു ണ്ടെന്നും മന്ത്രി വ്യക്തമാക്കി.
റേഷൻ വ്യാപാരി ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കൽ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള ക്ഷേമനിധി കുടിശിക വിതരണം ചെയ്യാനുള്ള 1.70 കോടി രൂപ നൽകാനുള്ള തീരുമാനം നിലവിലുണ്ട്. കൊല്ലം ജില്ലയിലെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിശോധിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.