ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത ; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമായേക്കും
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കുമായി ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കുമായി ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ആഗസ്റ്റ് 12ഓടെ ശക്തമായി ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഇതിനുപുറമേ, മധ്യപ്രദേശിന് മുകളിലായി നിലവിൽ മറ്റൊരു ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും അനുഭവപ്പെടാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.