സംസ്ഥാനത്തെ മഴ മുന്നറിയിപ്പ്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് റെഡ് അലര്‍ട്ടും ശക്തമായ മഴ മുന്നറിയിപ്പും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ നിയന്ത്രണം ഏര്‍പ്പെടുത്തണം

 

തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് അലര്‍ട്ടും ശക്തമായ മഴ മുന്നറിയിപ്പും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ നിയന്ത്രണം ഏര്‍പ്പെടുത്തണം. വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകളും അടിയന്തര സഹായ നമ്പറുകളും വ്യാപകമായി അറിയിക്കണമെന്നും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറില്‍ 40 - 50 കിലോമീറ്റര്‍ വരെ വേഗതയിലും, ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തി പ്രാപിക്കുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ കാസര്‍കോട്‌, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, ബേപ്പൂര്‍, പൊന്നാനി, അഴീക്കല്‍, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം തുറമുഖങ്ങളില്‍ ലോക്കല്‍ ക്വാഷനറി സിഗ്‌നല്‍ നമ്പര്‍ III (മൂന്നാം നമ്പര്‍ ജാഗ്രതാ സിഗ്‌നല്‍) ഉയര്‍ത്തി നിര്‍ത്താന്‍ ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍, ചെറുവള്ളങ്ങള്‍, ബോട്ടുടമകള്‍, തീരദേശ യാത്രക്കാര്‍ എന്നിവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ചു.