'പത്തനംതിട്ട മുതൽ ഇടുക്കി അതിർത്തിവരെയാണ് മഴക്കെടുതി ഉണ്ടായിരിക്കുന്നത്, വടക്കോട്ട് മഴ ശക്തിപ്പെടും' : ശേഖർ കുര്യാക്കോസ്
സംസ്ഥാനത്ത് പത്തനംതിട്ട മുതൽ ഇടുക്കി അതിർത്തിവരെയാണ് മഴക്കെടുതി ഉണ്ടായിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥൻ ശേഖർ കുര്യാക്കോസ്. പത്തനംതിട്ട വടശ്ശേരിക്കരയിൽ 24 മണിക്കൂർ പോലും ആകുന്നതിനിടെ 302 MM മഴയാണ് ലഭിച്ചതെന്നും ളാഹയിൽ 260 MM ലഭിച്ചെന്നും ശേഖർ കുര്യാക്കോസ് പറയുന്നു.
കൊച്ചി: സംസ്ഥാനത്ത് പത്തനംതിട്ട മുതൽ ഇടുക്കി അതിർത്തിവരെയാണ് മഴക്കെടുതി ഉണ്ടായിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥൻ ശേഖർ കുര്യാക്കോസ്. പത്തനംതിട്ട വടശ്ശേരിക്കരയിൽ 24 മണിക്കൂർ പോലും ആകുന്നതിനിടെ 302 MM മഴയാണ് ലഭിച്ചതെന്നും ളാഹയിൽ 260 MM ലഭിച്ചെന്നും ശേഖർ കുര്യാക്കോസ് പറയുന്നു. ജാഗ്രതാ നിർദേശം ഉണ്ടായിരുന്നതിനാൽ പലരും മാറിയിരുന്നുവെന്നും ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.
മീനച്ചിലാറിൽ ഉയർന്ന വെള്ളം മൂന്ന് മണിക്കൂറിൽ താഴും. തെക്കൻ ജില്ലകളിൽ മഴ കുറയും. റവന്യൂ വകുപ്പ് മന്ത്രി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. നൂറോളം സ്ഥലങ്ങളിൽ റോഡുകളിൽ മണ്ണും മരങ്ങളും വീണു. വെള്ളം ഇറങ്ങിത്തുടങ്ങി. അപ്പർ കുട്ടനാടും ആലപ്പുഴയും ശ്രദ്ധിക്കണമെന്നും ശേഖർ കുര്യാക്കോസ് പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ മഴ കുറയുകയാണ്. എറണാകുളം മുതൽ വടക്കോട്ട് മഴ ശക്തിപ്പെടുമെന്നും ശേഖർകുര്യാക്കോസ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അതേസമയം മഴ കനത്ത സാഹചര്യത്തിൽ എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.