രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി, നടപടിയെടുക്കണം : വി.എം സുധീരൻ 

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. എം.എല്‍.എ സ്ഥാനം എത്രയും പെട്ടെന്ന് ഒഴിയുന്നുവോ അത്രയും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
 

 കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. എം.എല്‍.എ സ്ഥാനം എത്രയും പെട്ടെന്ന് ഒഴിയുന്നുവോ അത്രയും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക കുറ്റകൃത്യം കേരള സമൂഹത്തിനും നിയമസഭക്കും അപമാനമാണെന്നും സുധീരന്‍ പ്രതികരിച്ചു. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെ. ഒരു തരത്തിലുള്ള ആക്ഷേപങ്ങൾക്കും ഇടവരുത്താതെ എത്രയും വേഗം സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സുധീരൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് പാർട്ടി മറ്റു പാർട്ടികൾക്ക് മാതൃകയായാണ് പ്രവർത്തിച്ചത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫുമായും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി വിഷയത്തിൽ സംസാരിച്ചെന്നും രാഹുൽ വിഷയത്തിൽ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടി കൃത്യമായ നടപടിയാണ് സ്വീകരിച്ചത്. പരാതിക്ക് മുൻപ് തന്നെ പാർട്ടി നടപടി സ്വീകരിച്ചു. എന്നാൽ സ്ഥിതിഗതികൾ ഇപ്പോൾ കുറച്ചു കൂടി മോശമായി. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. വിഷയത്തിൽ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗം തന്നെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ നേതൃത്വം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.