രാഹുലിനെ പുറത്താക്കി, എംഎൽഎ സ്ഥാനം രാജി വെക്കുന്നതാണ് നല്ലത് ; സണ്ണി ജോസഫ്

 

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ കുറ്റാരോപിതനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. രാഹുലിനെതിരെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

“കോൺഗ്രസ് ഈ വിഷയത്തിൽ മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു,” സണ്ണി ജോസഫ് പറഞ്ഞു.

കൂടാതെ, എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് രാഹുലിന് ഏറ്റവും ഉചിതം എന്നും അദ്ദേഹം പ്രതികരിച്ചു. കെപിസിസിക്ക് പരാതി ലഭിച്ച ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു എന്നും, സംസ്ഥാനത്തെ നേതാക്കളുമായും കോൺഗ്രസ് ഹൈക്കമാൻഡുമായും ചർച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.