രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് എം.എൽ.എ. സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇന്ന് പരിഗണനയ്‌ക്കെടുക്കുന്നത്.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്‌ഐടി ചുമത്തിയ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. വാദിക്കുന്നത്. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും ആദ്യം പോലീസിനാണ് പരാതി നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങൾക്കും മറുപടിയുണ്ടെന്നും അന്വേഷണ സംഘത്തിന് വിശദീകരണം നൽകാൻ തയ്യാറാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. കൂടാതെ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും, തെളിവുകൾ നൽകാൻ സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്‌ഐടിക്ക് മുന്നിൽ തന്റെ വാദം സാധൂകരിക്കാൻ സാധിച്ചില്ലെങ്കിൽ കീഴടങ്ങാൻ തയ്യാറാണെന്നും എം.എൽ.എ. കോടതിയെ അറിയിച്ചു.