അപമര്യാദയായി പെരുമാറിയെന്ന ആരോപണം ; യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റിയേക്കും
സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കിയേക്കും. മാങ്കൂട്ടത്തിലിനെതിരായ ആരോപണം എഐസിസി പരിശോധിക്കുകയാണ്. പാർട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദാംശങ്ങൾ തേടി.
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കിയേക്കും. മാങ്കൂട്ടത്തിലിനെതിരായ ആരോപണം എഐസിസി പരിശോധിക്കുകയാണ്. പാർട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദാംശങ്ങൾ തേടി.
നിലവിലെ ആരോപണങ്ങൾ പുറത്തുവരും മുൻപ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചു. അന്വേഷിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് നിർദേശം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്ത് നിന്നടക്കം മാറ്റുന്നതടക്കം ഹൈക്കമാൻഡ് ആലോചനയിലുണ്ട്.
യുവ നേതാവിനെതിരെ മാധ്യമപ്രവർത്തക നടത്തിയ വെളിപ്പെടുത്തൽ വ്യാപക ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യമപ്രവർത്തക ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുന്നത്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്‌കരൻ. 'രാഹുൽ മാങ്കൂട്ടം-അനുഭവം' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരൻ തുറന്നെഴുതിയത്.
ജൂൺ മാസം താൻ നടത്തിയ ശ്രീലങ്കൻ യാത്രയ്ക്കിടെ വിശേഷങ്ങൾ ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചതായി ഹണി ഭാസ്‌കരൻ പറയുന്നു. തന്റെ ഫോട്ടോയ്ക്ക് ഹൃദയം അയച്ചുകൊണ്ടായിരുന്നു രാഹുൽ തുടങ്ങിയത്. ശ്രീലങ്ക പോവാൻ പ്ലാൻ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഒരു മുൻവിധികളും ഇല്ലാതെ താൻ അത് വിശദീകരിച്ചു നൽകി. അതിന് ശേഷം നിലമ്പൂർ ഇലക്ഷനുമായി ബന്ധപ്പെട്ട് ബെറ്റുംവെച്ച് അയാൾ പോയെന്നും ഹണി ഭാസ്‌കരൻ പറഞ്ഞു. ഇതിന് ശേഷം താൻ കാണുന്നത് അയാളുടെ മെസേജുകളുടെ തുടർച്ചയായിരുന്നു. ചാറ്റ് നിർത്താൻ അയാൾക്ക് ഉദ്ദേശം ഇല്ല എന്ന് മനസിലാക്കിയതോടെ റിപ്ലൈ നൽകിയില്ല. താൻ മറുപടി നൽകാത്തതുകൊണ്ട് ആ ചാറ്റ് അവസാനിച്ചു. എന്നാൽ പിന്നീട് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ആ ചാറ്റിന് പിന്നിലെ അശ്ലീല കഥകൾ പിന്നീടാണ് താൻ മനസിലാക്കുന്നതെന്ന് ഹണി ഭാസ്‌കരൻ പറയുന്നു.
താനുമായുള്ള ചാറ്റിലെ വിവരങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിലെ സുഹൃത്തുക്കളോട് പറയുകയാണ് ചെയ്തതെന്ന് ഹണി ഭാസ്‌കരൻ ചൂണ്ടിക്കാട്ടുന്നു. താൻ അങ്ങോട്ട് ചെന്ന് ചാറ്റ് ചെയ്തു എന്നാണ് അയാൾ പറഞ്ഞു നടന്നതെന്നും ഹണി ഭാസ്‌കരകൻ പറഞ്ഞു. രാഹുൽ ഒരു തികഞ്ഞ രാഷ്ട്രീയ മാലിന്യം ആണെന്ന് തനിക്ക് വ്യക്തിപരമായി ബോധ്യപ്പെടുത്തി തന്നത് സഖാക്കളല്ല. അയാളുടെ തോളിൽ കയ്യിട്ടും ചാരി ഉറങ്ങിയും നൃത്തം ചെയ്തും ഫണ്ട് മോഷണത്തിൽ പങ്ക് ചേർന്നും ദിവസത്തിന്റെ ഏറിയ സമയവും അയാൾക്കൊപ്പം ചെലവഴിക്കുന്ന പേര് കേട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും ഹണി കൂട്ടിച്ചേർത്തു.