'പീഡകരിൽ ഇടതെന്നും വലതെന്നും ഒരു വ്യത്യാസവും ഇല്ല ' ; രാഹുലിനും കുഞ്ഞുമുഹമ്മദിനുമെതിരെ സൗമ്യ സരിൻ

ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനുമെതിരെ ഡോക്ടർ സൗമ്യ സരിൻ. ഇടതുപക്ഷമായാലും

 

പാലക്കാട്: ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനുമെതിരെ ഡോക്ടർ സൗമ്യ സരിൻ. ഇടതുപക്ഷമായാലും വലതുപക്ഷമായാലും ക്രിമിനലുകൾക്കും പീഡകർക്കും ഒരു വ്യത്യാസവുമില്ലെന്ന് സൗമ്യ സരിൻ പറഞ്ഞു. ഇവരുടെ രൂപത്തിലും ഭാവത്തിലും മാത്രമേ വ്യത്യാസമുള്ളുവെന്നും രണ്ടും ഒന്ന് തന്നെയാണെന്നും സൗമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെയും പി ടി കുഞ്ഞുമുഹമ്മദിന്റെയും ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു സൗമ്യയുടെ വിമർശനം. ഇവരെ പോലുള്ളവരെ താങ്ങുന്നവരും വിഷം പേറുന്നവരാണെന്ന് സൗമ്യ കുറിച്ചു. ഏത് പാർട്ടി ആയാലും ഇവർക്ക് എതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പും ആവശ്യമാണ്. കേരള സർക്കാരും നിയമസംവിധാനവും അത് കാണിക്കുമെന്നും സൗമ്യ കൂട്ടിച്ചേർത്തു.

allowfullscreen

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താനായി പാലക്കാടെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു പറ്റം പ്രവർത്തകർ സ്വീകരിക്കുകയും ചെയ്തു. അതേസമയം തന്നെ സിപിഐഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയും കൂകിവിളിക്കുകയും ചെയ്തിരുന്നു. നിലവിൽ രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.