'രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി' ; കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാര്‍ വ്യാമോഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ശുദ്ധികലശ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.

 

 തിരുവനന്തപുരം: ശുദ്ധികലശ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ബിജെപി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാര്‍ നടത്തിയ 'ശുദ്ധീകരണ' ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരായ വെല്ലുവിളിയാണ്. ഖര്‍ഗെയെ പോലൊരു മുതിര്‍ന്ന നേതാവ് പങ്കെടുത്ത വേദിയില്‍ സംഘ്പരിവാര്‍ നടപ്പാക്കിയത് അയിത്തത്തിന്റെ ആധുനിക രൂപമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.