അനുനയ നീക്കം ശക്തം ..! കെ സുധാകരനെ ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി 

അനുനയത്തിന്റെ ഭാഗമായി രാഹുൽഗാന്ധി കെ സുധാകരനെ ദില്ലിയിലേക്ക് വിളിപ്പിച്ചു. 

 

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ ഇറങ്ങിയ കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം ഊർജ്ജിതമാക്കി. അനുനയത്തിന്റെ ഭാഗമായി രാഹുൽഗാന്ധി കെ സുധാകരനെ ദില്ലിയിലേക്ക് വിളിപ്പിച്ചു. 

മത്സര രംഗത്തു നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് കെ. സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്ഥാനാർത്ഥി നിർണയം ഹൈക്കമാൻഡാണ് നടത്തേണ്ടതെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചതായാണ് വിവരം. ഇതിനിടെയാണ്  വൈകാരിക കുറിപ്പുമായി തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ കെ.സുധാകരൻ രംഗത്തെത്തിയത്.

കണ്ണൂരില്‍ മത്സരിക്കാനുള്ള തന്റെ താല്‍പര്യം സുധാകരന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്റെ സ്വയം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടന്നത്. കെ സുധാകരന് പകരം ആര് മത്സരിക്കുമെന്നുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമൃത രാമകൃഷ്ണന്‍, ടി ഒ മോഹനന്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. എംപിമാരില്‍ സുധാകരന് മാത്രം ഇളവ് നല്‍കിയാല്‍ കൂടുതല്‍ നേതാക്കള്‍ അവകാശവാദവുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സണ്ണി ജോസഫ് അനുനയ ചര്‍ച്ച നടത്തിയത്. കെ സുധാകരന് കൂടി താൽപര്യമുള്ള സ്ഥാനാർത്ഥിയെ നിർത്തി പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ഹൈക്കമാൻഡ് കെ.പി.സി.സി ക്ക് നൽകിയ നിർദ്ദേശം ഡിസിസി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് , എ . ഐ.സി.സി വക്താവ് ഷ മാ മുഹമ്മദ് എന്നിവരാണ് ഒത്തുതീർപ്പ് സ്ഥാനാർത്ഥികളായി വരാൻ സാധ്യതയുള്ളത്.